ആരോഗ്യപ്രവർത്തരുടെ മാനസിക സമ്മർദം കുറക്കാൻ നടപടി വേണം
text_fieldsകോവിഡ് കാലം തുടങ്ങിയതിൽ പിന്നെ ഏറ്റവുമധികം മാനസിക സമ്മർദങ്ങൾക്കടിമപ്പെട്ട് ജോലി ചെയ്യുന്നവരാണ് ആരോഗ്യ ജീവനക്കാർ. ജീവനക്കാരുടെ ക്ഷാമം മൂലം അധികജോലി ഭാരമാണ്. ശൈത്യകാലം കൂടി വരുന്നതോടെ കോവിഡ് വ്യാപനം ഗണ്യമായി വർധിക്കാനും ജോലിഭാരം ഇരട്ടിക്കാനുമുള്ള സാധ്യത കൂടി മുന്നിൽ കാണുന്നു. കുടുംബത്തോടൊപ്പം കഴിയുന്നവർ മുറിയിലെത്തിയാൽ മക്കൾക്കും മാതാപിതാക്കൾക്കും തങ്ങളിലൂടെ കോവിഡ് ബാധയേൽക്കുമോ എന്ന ആധിയിലാണ് ദിനങ്ങൾ തള്ളിനീക്കുന്നത്. ബാച്ലറായി കഴിയുന്നവരുടെ അവസ്ഥയാണ് ഇതിലും കഷ്ടം. വാർഷികാവധി അനുവദിക്കാത്തതിനാൽ പലരും നാട്ടിൽ പോയിട്ട് വർഷത്തിലധികമാവുന്നു.
വളരെയടുത്തവർ മരണപ്പെട്ടിട്ടും ഗുരുതര അസുഖ ബാധിതരായിട്ടും പോലും നാട്ടിൽപോകാനാവാതെ പ്രയാസത്തിലാണുള്ളത്. ജോലി സമ്മർദങ്ങൾക്ക് പുറമെ ഈ അനിശ്ചിതാവസ്ഥയും കടുത്ത മാനസിക പ്രയാസത്തിലേക്കാണ് ഇവരെ നയിക്കുന്നത്. വാർഷികാവധി അനുവദിക്കുന്നത് അനന്തമായി നീണ്ടുപോകുന്നതും അവർക്കിടയിൽ കടുത്ത നിരാശ സൃഷ്ടിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ ആരോഗ്യപ്രവർത്തകർക്ക് അവധിക്കുപോകാൻ കാര്യമായ തടസ്സങ്ങളില്ല. എന്നാൽ, കുവൈത്തിലെ അവസ്ഥ തീർത്തും വ്യത്യസ്തമാണ്.
ഇപ്പോൾ ആകെ 14 ദിവസത്തെ അവധിയാണ് അനുവദിച്ചിരിക്കുന്നത്. നാട്ടിൽ പോയാൽ ക്വാറൻറീനിൽ കഴിയണം. തിരിച്ചെത്തിയാൽ ഇവിടെയും ക്വാറൻറീനിൽ ഇരിക്കാതെ വഴിയില്ല. ഊർജസ്വലരായി ജോലി ചെയ്യേണ്ടവരെ മാനസിക സമ്മർദങ്ങളും നിരാശയും കാര്യമായി ബാധിക്കുന്നു. വിഷാദം നിഴലിച്ച മുഖവുമായി കഴിച്ചുകൂട്ടുന്ന അനേകം പേരെയാണ് ബാച്ലർ ഹോസ്റ്റലുകളിൽ കാണുന്നത്. ആരോഗ്യമേഖലയിലെ വലിയ സമൂഹം എന്നനിലയിൽ ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികളെയാണ്.
നാട്ടിൽനിന്ന് ഏത് സമയവും ചാർേട്ടഡ് വിമാനങ്ങൾ ഉപയോഗപ്പെടുത്തി തിരിച്ചുവരാനുള്ള സൗകര്യവും ഇവിടെയെത്തിയാൽ പരിശോധന നടത്തി നഗറ്റിവ് ആയാൽ ജോലിയിൽ പ്രവേശിക്കാനുള്ള അനുമതിയും നൽകി വാർഷികാവധി അനുവദിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. കോവിഡിനെതിരായ പോരാട്ടത്തിലെ നിർണായക സാന്നിധ്യം നിർവഹിക്കുന്നവരെന്ന നിലയിൽ തങ്ങളുടെ പ്രയാസങ്ങളെ പരിഹരിക്കാനുള്ള ഇടപെടലുകൾ എംബസിയും സ്വാധീനമുള്ള മറ്റു സാമൂഹിക സംഘടനകളും നടത്തണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ ആവശ്യം.
മൂന്ന് ഷിഫ്റ്റുകളിലായി ജോലിചെയ്തുവന്നിരുന്ന നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ മുതൽ ഡോക്ടർമാരടക്കമുള്ളവർ ഇപ്പോൾ 12 മണിക്കൂറോളം തുടർച്ചയായി ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. പലരും മണിക്കൂറുകളോളം പി.പി.ഇ കിറ്റിനുള്ളിൽതന്നെ കഴിച്ചുകൂട്ടുന്നതിനാൽ ഭക്ഷണം ഉൾപ്പടെ പ്രാഥമികവശ്യങ്ങൾ പോലും യഥാസമയത്ത് നിർവഹിക്കാനാവാതെ കുഴയാറുണ്ട്. ശാരീരിക അവശതകൾക്കിടയിൽ മനസ്സുകൂടി തളർന്ന് ജോലി ചെയ്യുന്നത് എങ്ങനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.