തെരുവുനായ്ക്കളുടെ വ്യാപനം നിയന്ത്രിക്കാൻ നടപടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് തെരുവുനായ്ക്കളുടെ വ്യാപനം നിയന്ത്രിക്കാൻ കാമ്പയിനുമായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ്. തെരുവുനായ് ശല്യം നിയന്ത്രിക്കാൻ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട രീതികൾ ഉപയോഗിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കാമ്പയിനുമായി സ്വദേശികളും വിദേശികളും സഹകരിക്കണമെന്നും അതോറിറ്റി അഭ്യര്‍ഥിച്ചു.
പൊതു ജനങ്ങളുടെ താൽപര്യത്തിനൊപ്പം മൃഗങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തുന്ന നടപടികളായിരിക്കും സ്വീകരിക്കുക. രാജ്യത്ത് പലയിടത്തും തെരുവുനായ്ക്കളുടെ ശല്യം വർധിച്ചതായ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. സബ്ഹാനിൽ അടുത്തിടെ വ്യോമസേന ബറ്റാലിയനിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന സൈനിക ക്യാപ്റ്റന്‍ നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.
വാഹനത്തിനരികിലേക്ക് പോകുകയായിരുന്ന ഉദ്യോഗസ്ഥനെ പെട്ടെന്ന് നായ്ക്കൾ ആക്രമിക്കുകയായിരുന്നു. സഹപ്രവർത്തകർ കൃത്യസമയത്ത് ഇടപെട്ടാണ് ഉദ്യോഗസ്ഥനെ രക്ഷിച്ചത്. മറ്റൊരു സംഭവത്തിൽ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായി. അബ്ബാസിയ, ഫയർവാനിയ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും നായ് ശല്യമേറിയിട്ടുണ്ട്.
റിപ്പോര്‍ട്ട് ചെയ്യാം
നായ്ക്കളെ കൂട്ടമായി കണ്ടാല്‍ തെരുവ് നായ നിയന്ത്രണ സംഘത്തിന്റെ ഹോട്ട്ലൈനിൽ (56575070) വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണം. നേരിട്ടുള്ള കോളിലൂടെയോ വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ വഴിയോ ഹോട്ട്ലൈനുമായി ബന്ധപ്പെടാം. വിവരങ്ങൾ അന്വേഷിച്ച് അധികൃതർ കൃത്യമായ നടപടികൾ സ്വീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.