ഉച്ചവിശ്രമനിയമം ലംഘിച്ച 148 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
text_fieldsകുവൈത്ത് സിറ്റി: ഉയർന്ന താപനില കണക്കിലെടുത്ത് ഏർപ്പെടുത്തിയ പുറംജോലികൾക്കുള്ള ഉച്ചവിശ്രമനിയമം ലംഘിച്ച തൊഴില്‍ സ്ഥാപനങ്ങൾക്കെതിരെ നടപടി. ഉച്ചവിശ്രമ നിയമം ലംഘിച്ച 148 ജോലിസ്ഥലങ്ങളുടെ ഉടമകൾക്ക് മുന്നറിയിപ്പ് നല്‍കിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെയും നിർമാണ കമ്പനികളെയും കണ്ടെത്താൻ രാജ്യവ്യാപകമായി ശക്തമായ പരിശോധന നടന്നുവരുകയാണ്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും എല്ലാ തൊഴിലുടമകളും തീരുമാനം പൂർണമായും പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ചൂട് കാരണമായി തൊഴിലാളികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ശാരീരിക ബുദ്ധിമുട്ടുകളും നിർജലീകരണം ഉൾപ്പെടെ ഒഴിവാക്കുന്നതിനാണ് ഉച്ചവിശ്രമം അനുവദിക്കുന്നത്. രാവിലെ 11 മണി മുതല്‍ വൈകീട്ട് നാലു വരെ തുറസ്സായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്കാണ് വിലക്കുള്ളത്. ഈ സമയത്ത് തൊഴിലാളികളെകൊണ്ട് നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും.
ആഗസ്റ്റ് 31 വരെ നിയന്ത്രണം നിലവിലുണ്ടാകും. നിർമാണ സൈറ്റുകളിലും മറ്റ് ജോലിസ്ഥലങ്ങളിലും ഇതുസംബന്ധിച്ചുള്ള ബോധവത്കരണം നൽകിയിട്ടുണ്ട്.
നിയമം ലംഘിക്കുന്ന കമ്പനിക്ക് ആദ്യം മുന്നറിയിപ്പ് നല്‍കും. തുടർന്നും നിയമലംഘനം കണ്ടെത്തിയാൽ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിയുടെയും പേരിൽ കമ്പനിക്ക് 100 ദീനാർ മുതല്‍ 200 ദീനാര്‍ വരെ പിഴ ചുമത്തും. തുടര്‍ന്ന് കമ്പനിയുടെ ഫയല്‍ തുടർനടപടികൾക്കായി തെളിവെടുപ്പ് വിഭാഗത്തിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.