മലപ്പുറത്തെയും ലീഗിനെയും പാകിസ്താനോട് ചേർത്ത് പറയുന്നത് ഫാഷിസ്റ്റുകളെ സന്തോഷിപ്പിക്കാൻ - ഡോ. ഹുസൈൻ മടവൂർ
text_fieldsകുവൈത്ത് സിറ്റി: മലപ്പുറത്തുകാരെയും മുസ്‍ലിം ലീഗിനെയും പാകിസ്താൻ അനുകൂലികളായി ചിത്രീകരിക്കും വിധം മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ പാലോളി മുഹമ്മദ് കുട്ടിയുടെ പ്രസ്താവന ഫാഷിസ്റ്റുകളെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് പ്രമുഖ ഇസ്‍ലാമിക പണ്ഡിതൻ ഡോ. ഹുസൈൻ മടവൂർ. കുവൈത്തിൽ ഹുദാ സെന്റർ ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭജനാന്തരം ഇന്ത്യയോടൊപ്പം നിലയുറപ്പിക്കുകയും രാഷ്ട്ര പുനർനിർമാണ പ്രക്രിയയിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഇന്ത്യൻ മുസ്‍ലികളെ പാകിസ്താൻ കൂറുള്ളവരായി പ്രചാരണം നടത്തുന്നത് ഭൂരിപക്ഷ പ്രീണനത്തിന്റെ ഭാഗമാണ്. ലോകമെങ്ങും നടക്കുന്ന ഇസ്‍ലാമോഫോബിയയുടെ ഭാഗമാണ് ഇന്ത്യയിൽ നടക്കുന്ന ഇത്തരം ആരോപണങ്ങളും.
സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ സജീവമായതിന്റെ ഫലമായി ഏറ്റവും കൂടുതൽ സ്വത്തും ജീവനും നഷ്ടമായത് മുസ്‍ലിംകൾക്കാണ്. മലബാറുകാരും സ്വാതന്ത്ര്യത്തിന് വേണ്ടി പടപൊരുതിയവരാണ്. ഇ.എം എസിനെ പോലത്തെ നേതാക്കൾ അത് എഴുതുകയും പറയുകയും ചെയ്തിട്ടുമുണ്ട്. വിഭജനാന്തരം പാകിസ്താനിലേക്ക് പോവാതെ ജന്മനാടായ ഇന്ത്യയിൽ തന്നെ ജീവിക്കാൻ സ്വയം തീരുമാനിച്ച മുസ്‍ലിംകളുടെ ദേശക്കൂറ് ആരും ചോദ്യം ചെയ്യേണ്ടതില്ല. സമുദായങ്ങൾക്കിടയിൽ സംഘർഷവും വർഗീയതയും സൃഷ്ടിക്കുന്നവരാണ് യഥാർഥ രാജ്യദ്രോഹികൾ. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും എതിർക്കപ്പെടേണ്ടതാണെന്നും വർഗീയതക്ക് മതമില്ലെന്നും ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
ഫാഷിസത്തിന്നെതിരിൽ ശക്തമായ നിലപാടും പ്രവർത്തനങ്ങളുമായി പ്രവർത്തിച്ചു പോന്ന സി.പി.എം കളം മാറി ചവിട്ടുന്നത് സങ്കടകരമാണ്. ആദ്യമായി ഇന്ത്യാവിഭജനം ആവശ്യപ്പെട്ടത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഹിന്ദുമഹാസഭയും പിന്നീട് ആർ.എസ്.എസുമാണ്.
സ്വതന്ത്ര ഇന്ത്യയിൽ രൂപീകൃതമായ ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗോ ഏതെങ്കിലും മുസ്‍ലിം സംഘടനകളോ നാളിതു വരെ പാകിസ്താൻ അനുകൂല സമീപനം സ്വീകരിച്ചിട്ടുമില്ല. പാലോളിക്ക് ഓർമ്മ പിശക് സംഭവിച്ചതാവാമെന്നും ഡോ. മടവൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.