ജഹ്റ നാച്വറൽ റിസർവിൽ പ്രവേശനം തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ആദ്യ ഇക്കോ ടൂറിസം പദ്ധതിയായി ജഹ്റ നാച്വറൽ റിസർവിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചുതുടങ്ങി. സ്വദേശികൾക്ക് രണ്ടു ദീനാറും വിദേശികൾക്ക് മൂന്നു ദീനാറും ആണ് ഫീസ് നിരക്ക്. 10 വയസ്സിൽ താഴെയുള്ള കുവൈത്തി കുട്ടികൾക്ക് ഒരു ദീനാറും വിദേശി കുട്ടികൾക്ക് ഒന്നര ദീനാറും ഫീസ് നിശ്ചയിച്ചിട്ടുണ്ട്. അഞ്ചോ അതിൽ കുറവോ പേർ അടങ്ങുന്ന സംഘത്തിന് പത്ത് ദീനാർ ഫീസിൽ ഒരുമിച്ച് പോകാം. സന്ദർശിക്കാൻ താൽപര്യമുള്ളവർ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി അപ്പോയിൻറ്മെൻറ് എടുക്കേണ്ടതുണ്ട്. ജീവികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും നാച്വറൽ റിസർവിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനും അധികൃതരുടെ നിരീക്ഷണമുണ്ടാകും. കൂടുതൽ ആളുകൾക്ക് ഒരേ സമയം അപ്പോയിൻറ്മെൻറ് നൽകില്ല.
ഒന്നര മണിക്കൂറാണ് സന്ദർശനത്തിന് സമയം അനുവദിക്കുകയെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി ചെയർമാനും ഡയറക്ടർ ജനറലുമായ ശൈഖ് അബ്ദുല്ല അഹ്മദ് അൽ ഹമൂദ് അസ്സബാഹ് പറഞ്ഞു. പരിസ്ഥിതി ബോധവത്കരണവും രാജ്യത്തെ ഭൂപ്രകൃതിയെ പരിപോഷിപ്പിക്കുകയും ലക്ഷ്യമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. 1987ലാണ് ജഹ്റ നാച്വറൽ റിസർവ് സ്ഥാപിച്ചത്. 18 കിലോമീറ്ററിൽ രണ്ടു ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന റിസർവ് ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കൺസര്‍വേഷന്‍ ഓഫ് നാച്വറിെൻറ (ഐ.യു.സി.എന്‍) ഗ്രീൻ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. കുവൈത്തിെൻറ വടക്കൻ കടലോരത്തോടു ചേർന്ന് ജഹ്റയിൽ 19 കിലോമീറ്റർ ചുറ്റളവിലാണ് ശുദ്ധജലംകൊണ്ട് വൻ കായൽ തീർത്തത്. ചുറ്റും കണ്ടൽകാടുകളും ചെറിയ ഇനം ചെടികളും വെച്ചുപിടിപ്പിച്ചു. ദേശാടനക്കിളികളുടെയും തദ്ദേശീയ പക്ഷികളുടെയും പ്രധാന ആവാസകേന്ദ്രമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.