‘കൗമാര ആരോഗ്യം’ അന്താരാഷ്ട്ര കോൺഫറൻസ് ബുധനാഴ്ച മുതൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കൗമാര ആരോഗ്യം സംബന്ധിച്ച അന്താരാഷ്ട്ര കോൺഫറൻസിന്റെ ഒരുക്കം പൂർത്തിയായതായി സിറ്റി ക്ലിനിക്ക് ഗ്രൂപ് അറിയിച്ചു. ‘കൗമാരത്തിന്റെ അർഥവും സത്തയും’ എന്ന തലക്കെട്ടിൽ ഈ മാസം 25, 26, 27 തീയതികളിലാണ് കോൺഫറൻസ്. 25ന് സാൽമിയയിലെ റാഡിസൺ ബ്ലൂ ആണ് വേദി. ജനറൽ പ്രാക്ടീഷനർമാരെ ലക്ഷ്യമിട്ടുള്ള കോൺഫറൻസിൽ കുവൈത്തിൽ ജോലി ചെയ്യുന്ന ശിശുരോഗ വിദഗ്ധർ പങ്കെടുക്കും. രജിസ്ട്രേഷൻ സൗജന്യമാണ്. 26ന് വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ കോൺഫറൻസിൽ പങ്കെടുക്കാം. 27ന് അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ളതാണ് കോൺഫറൻസ്. ഖൈത്താനിലെ കാർമൽ സ്കൂൾ ഓഡിറ്റോറിയമാണ് വേദി.
മൂന്നു ദിവസത്തെ കോൺഫറൻസിൽ കൗമാര ആരോഗ്യ മേഖലയിൽ വർഷങ്ങളുടെ വൈദഗ്ധ്യമുള്ള സി.എം.സി വെല്ലൂർ, ഇന്ത്യ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യും. കൗമാരക്കാരുടെ ആരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, കൗമാരപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മാതാപിതാക്കളെയും അധ്യാപകരെയും സഹായിക്കുക എന്നിവയാണ് കോൺഫറൻസ് വഴി ലക്ഷ്യമിടുന്നതെന്ന് സിറ്റി ക്ലിനിക്ക് ഗ്രൂപ് മാനേജ്മെന്റ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
27ന് വൈകീട്ട് നാലിന് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കോൺഫറൻസിന്റെ ഭാഗമായി വിദ്യാർഥികൾക്ക് പോസ്റ്റർ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. വിവരങ്ങൾക്ക് 1880020 നമ്പറിലും cityclinicworkshop23@gmail.comലും ബന്ധപ്പെടാം.വാർത്തസമ്മേളനത്തിൽ സിറ്റി ക്ലിനിക് ഗ്രൂപ് സി.ഇ.ഒ ആനി വൽസൻ, ജനറൽ മാനേജർ കെ.പി. ഇബ്രാഹിം, ഫഹാഹീൽ ബ്രാഞ്ച് മാനേജർ സതീഷ് മഞ്ഞപ്പ, ഖൈത്താൻ ബ്രാഞ്ച് മാനേജർ നിതിൻ, മാർക്കറ്റിങ് ഹെഡ് ഹരിത്, സി.എഫ്.ഒ സത്താർ, സിറ്റി ക്ലിനിക് ഗ്രൂപ് ക്വാളിറ്റി ആൻഡ് സേഫ്റ്റി മാനേജർ ജോനാഥൻ പോൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.