മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കും വാക്സിൻ നൽകാൻ ആലോചന
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കും കോവിഡ് വാക്സിൻ നൽകാനൊരുങ്ങി ആരോഗ്യമന്ത്രാലയം. വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി സ്പോട്ട് രജിസ്ട്രേഷനിലൂടെ കുത്തിവെപ്പ് എടുക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്.
ആരോഗ്യമന്ത്രാലയത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി രജിസ്റ്റർ ചെയ്തവരിൽ 70 ശതമാനത്തിലേറെ ആളുകൾ കുത്തിവെപ്പ് പൂർത്തിയാക്കി. ആദ്യ ഡോസ് മാത്രം എടുത്തവർ 80 ശതമാനത്തിലേറെയാണ്. രജിസ്റ്റർ ചെയ്ത മുഴുവൻ ആളുകളുടെയും കുത്തിവെപ്പ് പൂർത്തിയാകുന്ന മുറക്ക് വാക് ഇൻ സംവിധാനത്തിലൂടെ ബാക്കിയുള്ളവർക്ക് കൂടി വാക്സിൻ നൽകാനാണ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്.
രണ്ടാം ഡോസ് എടുക്കുന്നവർക്ക് മിഷ്രിഫ് വാക്സിനേഷൻ കേന്ദ്രത്തിൽ മുൻകൂർ അപ്പോയൻമെൻറ് പരിഗണിക്കാതെ വാക് ഇൻ ആയി കുത്തിവെപ്പ് നൽകുന്നുണ്ടെന്നാണ് വിവരം.
ആദ്യ ഡോസ് ഫൈസർ എടുത്തവർക്ക് 21 ദിവസവും ഓക്സ്ഫോർഡ് എടുത്തവർക്ക് 28 ദിവസവും പൂർത്തിയാക്കിയാൽ മാത്രമാണ് രണ്ടാം ഡോസ് ലഭിക്കുക.
അതോടൊപ്പം രാജ്യത്തെ താമസരേഖകളില്ലാത്ത വിദേശികൾക്കും കുത്തിവെപ്പ് നൽകുന്നകാര്യം ആരോഗ്യമന്ത്രാലയം പരിഗണിക്കുന്നതായാണ് സൂചന. താമസരേഖയില്ലാത്തവർക്ക് വാക്സിൻ നൽകുന്നത് ഇനിയൊരു വ്യാപനം ഉണ്ടാവുന്നത് തടയാനും വ്യാപനത്തോത് താഴേക്ക് പോകുന്നത് തുടരുന്നതിനും വഴിയൊരുക്കുമെന്ന് കൊറോണ എമർജൻസി കമ്മിറ്റി മേധാവി ഖാലിദ് അൽ ജാറല്ല അഭിപ്രായപ്പെട്ടു.
അതേസമയം, ഇത് എങ്ങനെ പ്രാവർത്തികമാക്കുമെന്ന ആശങ്കയും നില നിൽക്കുന്നുണ്ട്. രാജ്യം സാമൂഹികപ്രതിരോധം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുമ്പോളാണ് താമസരേഖകളില്ലാത്ത ഒന്നരലക്ഷത്തോളം വിദേശികൾ അധികൃതർക്ക് മുന്നിൽ വലിയ ചോദ്യചിഹ്നമായി നിൽക്കുന്നത്. അധികൃതരിൽനിന്ന് ഒളിച്ചുകഴിയുന്ന ഇവർ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരുമോ എന്നതാണ് പ്രധാന ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.