എ.എഫ്.സി ഫുട്സാൽ ഏഷ്യകപ്പ്: കുവൈത്ത് വീണു; സെമി ഇന്ന്
text_fieldsകുവൈത്ത് സിറ്റി: ഫുട്സാൽ ഏഷ്യകപ്പ് ചാമ്പ്യൻഷിപ്പിൽ സ്വന്തം കാണികൾക്കുമുന്നിൽ വൻ പ്രതീക്ഷകളുമായി കളത്തിലിറങ്ങിയ കുവൈത്ത് എ.എഫ്.സി ക്വാർട്ടറിൽ തോറ്റു പുറത്തായി. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഉസ്ബകിസ്താനോടാണ് തോൽവി.
കുവൈത്തിനെ മറികടന്ന ഉസ്ബകിസ്താൻ സെമിയിലേക്ക് യോഗ്യത നേടി. തജികിസ്താനെ 3-2 ന് തോൽപിച്ച തായ്ലൻഡും വിയറ്റ്നാമിനെ എട്ട് ഗോളുകൾക്ക് തകർത്ത് ഇറാനും സെമിയുറപ്പിച്ചു. ഇന്തോനേഷ്യയെ ഒരുഗോൾ വ്യത്യാസത്തിൽ തോൽപിച്ച ജപ്പാനാണ് അവസാന നാലിൽ ഇടം പിടിച്ച മറ്റൊരു ടീം.
ആദ്യ സെമിയിൽ വ്യാഴാഴ്ച രാത്രി അഞ്ചിന് ഉസ്ബകിസ്താൻ ജപ്പാനെ നേരിടും. എട്ടിന് തായ്ലൻഡ് ഇറാനുമായി ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഫൈനൽ. ശക്തരായ ഇറാനും ജപ്പാനും ഫൈനലിൽ എത്തുമെന്നാണ് നിരീക്ഷണം.
12 തവണ ജേതാക്കളും നിലവിലെ ചാമ്പ്യന്മാരുമായ ഇറാനാണ് കൂടുതൽ സാധ്യത കൽപിക്കുന്ന ടീം. കളിതുടങ്ങി 14ാം മിനിറ്റിൽ കുവൈത്തിന്റെ വലയിൽ ഗോളെത്തിച്ച ഉസ്ബകിസ്താന്റെ അനസ്ഖോൺ രഖ്മതോവാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. ചോരിവിലൂടെ 21ാം മിനിറ്റിലും നിഷ്നോവിലൂടെ 34ാം മിനിറ്റിലും ഉസ്ബകിസ്താൻ കുവൈത്തിന്റെ വലകുലുക്കി. മൂന്നുഗോൾ വഴങ്ങിയതോടെ കുവൈത്ത് ഉണർന്നുകളിച്ചെങ്കിലും ഗോൾ നേടാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.