രണ്ട് വർഷത്തെ ഇടവേളക്കുശേഷം ദേശീയ ദിനാഘോഷം സജീവമാകും
text_fieldsകുവൈത്ത് സിറ്റി: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ദേശീയ ദിനാഘോഷം സജീവമാകും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ നടന്നിരുന്നില്ല. പ്രതിദിന കോവിഡ് കേസുകൾ സർവകാല റെക്കോഡ് ഭേദിക്കുന്ന അവസ്ഥയിൽ ഇത്തവണയും ആഘോഷം കരിനിഴലിൽ ആകുമെന്ന ആശങ്കയിലായിരുന്നു കഴിഞ്ഞ മാസം വരെ.
എന്നാൽ, സമീപ ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെടുകയും നിയന്ത്രണങ്ങൾ നീക്കാൻ മന്ത്രിസഭ തീരുമാനിക്കുകയും ചെയ്തതോടെ ആഘോഷം കേമമാകുമെന്ന് ഏകദേശം ഉറപ്പായി. ഒത്തുകൂടലുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഫെബ്രുവരി 20 മുതൽ പിൻവലിക്കുകയാണ്.
വിപുലമായ ആഘോഷം ഒഴിവാക്കി ഔദ്യോഗിക പരിപാടികൾ നിയന്ത്രണങ്ങളോടെ നാമമാത്രമായി നടത്താൻ ഒരുങ്ങുന്നതിനിടെയാണ് സ്ഥിതി മെച്ചപ്പെട്ടത്. ദേശീയ ദിനത്തോടനുബന്ധിച്ച് ഒമ്പത് ദിവസം ഒഴിവ് ലഭിക്കുന്നുണ്ട്. മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അഞ്ചു ദിവസത്തെ അവധി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിന് മുമ്പും ശേഷവുമുള്ള വെള്ളി, ശനി വാരാന്ത്യ അവധികൾ കൂടി ചേരുമ്പോഴാണ് ഒമ്പത് ദിവസം ഒഴിവ് ലഭിക്കുന്നത്. ഫെബ്രുവരി 24 വ്യാഴാഴ്ച അടക്കുന്ന സർക്കാർ സ്ഥാപനങ്ങളും മറ്റും മാർച്ച് ആറ് ഞായറാഴ്ച മുതലാണ് വീണ്ടും പ്രവർത്തിക്കുക. ഫെബ്രുവരി 25, 26 തീയതികളിലാണ് കുവൈത്ത് ദേശീയ, വിമോചന ദിനാഘോഷം. അതിനിടെ 31ാം വിമോചന ദിന ആഘോഷവും 61ാമത് ദേശീയ ദിനാഘോഷവും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വാർത്താവിതരണ മന്ത്രാലയം ട്വിറ്ററിലൂടെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരും സംഘാടകരും ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. മൂന്നു വർഷം ജൂൺ 19നായിരുന്നു കുവൈത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നത്. എന്നാൽ, 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു.
ആധുനിക കുവൈത്തിന്റെ ശിൽപി എന്നറിയപ്പെടുന്ന 11ാമത് ഭരണാധികാരി അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹിന്റെ സ്ഥാനാരോഹണം നടന്ന 1950 ഫെബ്രുവരി 25ന്റെ സ്മരണയിൽ ആ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിക്കുകയായിരുന്നു. പിന്നീട് അതിന് തൊട്ടടുത്ത ദിവസം തന്നെ ഇറാഖി അധിനിവേശത്തിൽനിന്ന് മുക്തിനേടിയ വിമോചന ദിനവും എത്തിയതോടെ ഫെബ്രുവരി 25, 26 തീയതികൾ ദേശീയ ആഘോഷ ദിനങ്ങളായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.