വിവാദത്തിനൊടുവിൽ കുവൈത്ത് കെ.എം.സി.സി പുനഃസംഘടിപ്പിച്ചു; മുസ്തഫ കാരി ജനറല്‍ സെക്രട്ടറി
text_fieldsകുവൈത്ത് സിറ്റി: ഗുരുതര അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളെ സസ്പെന്‍ഡ് ചെയ്ത കുവൈത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സസ്‍പെൻഡ് ചെയ്ത ശറഫുദ്ധീൻ കണ്ണേത്തിന് പകരക്കാരനായി മുസ്തഫ കാരിയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. റഊഫ് മശ്ഹൂര്‍ തങ്ങളെ വൈസ് പ്രസിഡന്റായും സലാം പട്ടാമ്പിയെ സെക്രട്ടറിയായും നിയമിച്ചതായി മുസ്‍ലിം ലീഗ് സംസ്ഥാന നേതൃത്വം ഉത്തരവിറക്കി. പുതിയ ഉപദേശക സമിതിയെയും ഇതിനൊപ്പം പ്രഖ്യാപിച്ചു. ടി.ടി.സലീമിനെ ഉപദേശക സമിതി ചെയര്‍മാനായും, ബഷീര്‍ ബാത്തയെ വൈസ് ചെയര്‍മാനായും നിയമിച്ചു. കെ.ടി.പി അബ്ദുറഹ്മാന്‍, ഇബ്രാഹീം കൊടക്കാട്ട്, കെ.കെ.പി ഉമ്മര്‍ കുട്ടി, ഇസ്മായീല്‍ ബേവിഞ്ച, സിദ്ധീഖ് വലിയകത്ത് എന്നിവരാണ് മറ്റംഗങ്ങൾ. നിലവിലെ ഭാരവാഹികള്‍ തല്‍സ്ഥാനത്ത് തുടരുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസ് അറിയിച്ചു.
ജനറൽ സെക്രട്ടറി, പ്രസിഡന്റ് വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമായ കുവൈത്ത് കെ.എം.സി.സിയിൽ കോഴിക്കോട് ജില്ല കൗൺസിൽ യോഗം കൈയ്യാങ്കളിയിൽ അവസാനിച്ചിരുന്നു. മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവർ പങ്കെടുത്ത യോഗമാണ് കൈയ്യാങ്കളിയിൽ സമാപിച്ചത്.തുടർന്നാണ് ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കണ്ണേത്ത്,വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, സെക്രട്ടറി ഷാഫി കൊല്ലം, ജില്ല മണ്ഡലം കമ്മിറ്റി നേതാക്കളായ ഫുവാദ് സുലൈമാൻ, നിഷാൻ അബ്ദുള്ള, റസാഖ് മന്നൻ, ഫൈസൽ കടമേരി, ശുഹൈബ് ചെമ്പിലോട്, അബ്ദുൽ കാദർ കൈതക്കാട്, അയ്യൂബ് പുതുപ്പറമ്പ് എന്നിവരെ സസ്‌പെൻഡ് ചെയ്ത് ലീഗ് നേതൃത്വം കടുത്ത നടപടി സ്വീകരിച്ചത്.
അതേസമയം, പുതിയ ഭാരവാഹികളെ ഷറഫുദ്ദീൻ കണ്ണേത്ത് വിഭാഗം അംഗീകരിക്കില്ലെന്നും റിപ്പോർട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ഷറഫുദ്ദീൻ പക്ഷത്തുള്ള സംസ്ഥാന-ജില്ല- മണ്ഡലം നേതാക്കൾ രാജി വെക്കാൻ ഒരുങ്ങുകയാണെന്നും ഇത് സംബന്ധമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നും സൂചനകളുണ്ട്. എന്നാൽ, ലീഗ് നേതൃത്വം എടുത്ത തീരുമാനം അംഗീകരിച്ചു മുന്നോട്ടു പോകണമെന്നും സംഘടനക്ക് അകത്തു നിന്ന് ശക്തി വർധിപ്പിക്കാനും നടപടി നേരിട്ടവർക്ക് വൈകാതെ കെ.എം.സി.സിയിൽ തിരിച്ചെത്താനാകുമെന്നുമാണ് പൊതുവായ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.