ശൈത്യവും കടന്ന് വസന്തത്തിലേക്ക്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ശൈത്യകാലത്തിൽ നിന്ന് വസന്തത്തിലേക്കുള്ള ക്രമാനുഗതമായ മാറ്റം ആരംഭിച്ചു. ഞായറാഴ്ച മുതൽ ഇതിന് തുടക്കമിട്ടതായി അൽ ഉജൈരി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. ഈ കാലാവസ്ഥ മാറ്റത്തിൽ പൊടി നിറഞ്ഞ കാറ്റും താപനിലയിലെ മാറ്റങ്ങളും ഉൾപ്പെടുന്നതായി കേന്ദ്രം വിശദീകരിച്ചു.
പകലിന്റെ നീളത്തിലും ക്രമേണ മാറ്റം വന്നു തുടങ്ങും. പ്രാദേശിക സമയം രാവിലെ 6.25 ന് സൂര്യൻ ഉദിക്കുകയും വൈകുന്നേരം 5.39 ന് അസ്തമിക്കുകയും ചെയ്യും. ഫെബ്രുവരി 23 മുതൽ അസർ പ്രാർത്ഥന സമയം ഒരു മിനിറ്റ് കുറയാൻ തുടങ്ങും.
അതേസമയം, ശൈത്യകാലം അവസാനത്തിലേക്ക് പ്രവേശിക്കുമ്പോഴും രാജ്യത്ത് ഇത്തവണ തീവ്രമായ തണുപ്പ് അനുഭവപ്പെട്ടിട്ടില്ല. മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി രാജ്യത്ത് ഈ വർഷം ശീതകാലം കടന്നുപോകുന്നത് ഉയർന്ന താപനിലയിലൂടെയാണ്. കഴിഞ്ഞ ആറ് വർഷമായി ഇതേ കാലയളവിൽ രേഖപ്പെടുത്തിയ താപനിലയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഏറ്റവും ഉയർന്ന താപനിലയാണ്.
ഡിസംബർ- ജനുവരി മാസത്തെ ശരാശരി താപനിലയും നിലവിലെ ശൈത്യകാലത്ത് തണുപ്പിന്റെ ശതമാനം കുറവാണെന്ന് സൂചിപ്പിക്കുന്നു. ഈ വർഷം ഈ സമയത്ത് രേഖപ്പെടുത്തിയ താപനില 17.16 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഇത് 14.81 ഡിഗ്രി സെൽഷ്യസിനും 15.39 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നു. ഈ വർഷം ഏകദേശം 1.77 ഡിഗ്രി സെൽഷ്യസ് വർദ്ധനവുണ്ടായി.
ആഗോള താപനം,കാലാവസ്ഥാ വ്യതിയാനങ്ങൾ, പസഫിക് സമുദ്രത്തിലെ ഉയരുന്ന താപനില എന്നിവയുമായി കുവൈത്തിലെ കാലവാസഥയും ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഈ മാറ്റമെന്നാണ് സൂചന. കഴിഞ്ഞ എതാനും ദിവസങ്ങളായി രാജ്യത്ത് മഴ അനുഭവപ്പെട്ടെങ്കിലും മുൻ വർഷങ്ങൾക്കു സമാനമായി മഴയും ഇത്തവണ കുവൈത്തിൽ എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.