വീണ്ടും തെരഞ്ഞെടുപ്പിലേക്ക്
text_fieldsകുവൈത്ത് സിറ്റി: രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിനുകൂടി സാക്ഷിയാകുന്നു. ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ ആറിന് നടക്കും. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ ചേർന്ന മന്ത്രിസഭ അസാധാരണ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. തെരഞ്ഞെടുപ്പിന്റെ കരട് ഉത്തരവിന് അംഗീകാരം നൽകിയ യോഗം കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറി.
തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതിനും ജനങ്ങൾക്ക് എളുപ്പത്തിലും സുഗമമായും വോട്ടിങ് നിർവഹിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും തയാറെടുപ്പുകളും പൂർത്തിയാക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നീതിന്യായം, ഇൻഫർമേഷൻ, വിദ്യാഭ്യാസം, സാമൂഹികകാര്യം, ആരോഗ്യം എന്നീ മന്ത്രാലയങ്ങളിലെ അംഗങ്ങളും കുവൈത്ത് മുനിസിപ്പാലിറ്റിയും ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് വേണ്ട മുന്നൊരുക്കൾ നടത്താൻ മന്ത്രിസഭ നിർദേശം നൽകി.
തെരഞ്ഞെടുപ്പ് ദിവസം വിശ്രമദിനമായി കണക്കാക്കി എല്ലാ മന്ത്രാലയങ്ങള്‍ക്കും സർക്കാർ ഏജൻസികള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു. ഏഴു മാസംമുമ്പ് 2022 സെപ്റ്റംബർ 29നാണ് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടന്നത്. ഈ വർഷം മാർച്ച് 19ന് ഈ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി ഭരണഘടന കോടതി വിധി പുറപ്പെടുവിച്ചു.
2020ലെ പാർലമെന്റ് കോടതി പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാൽ, ഏപ്രിൽ 17ന് 2020ലെ പാർലമെന്റ് അമീർ പിരിച്ചുവിട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ചായിരുന്നു നടപടി. ഇതോടെയാണ് രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. പാര്‍ലമെന്റ് പിരിച്ചുവിട്ടാല്‍ 60 ദിവസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.