60 വയസ്സ് പരിധി: രാജ്യം വിടാൻ മൂന്നുമാസം വരെ സമയമനുവദിക്കും
text_fieldsകുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവർക്ക് അടുത്ത വർഷം മുതൽ വിസ പുതുക്കിനൽകേണ്ടെന്ന തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ ഇത്തരക്കാർക്ക് രാജ്യം വിടാൻ ഒന്നുമുതൽ മൂന്നുമാസം വരെ സമയം അനുവദിക്കും. അതേസമയം, ചില വിഭാഗങ്ങൾക്ക് ഇളവുണ്ടാവുമെന്നും തീരുമാനം പ്രാബല്യത്തിലാവുന്നതിന് മുമ്പായി ഇത് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. കുടുംബം ഇവിടെയുള്ളവർക്ക് കുടുംബ വിസയിലേക്ക് മാറാൻ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. തൊഴിലെടുക്കില്ലെന്ന നിബന്ധനയോടെയാവും ഇത് അനുവദിക്കുക.
ഇവിടെ ജോലി ചെയ്യുന്ന വിദേശികൾക്ക് രക്ഷിതാക്കളെ നിർബന്ധിതാവസ്ഥയിൽ നാട്ടിലയക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കി നൽകാനുള്ള നീക്കം മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ്. സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസമോ അതിനു താഴെയോ യോഗ്യതയുള്ള വിദേശികൾക്ക് 60 വയസ്സ് കഴിഞ്ഞാൽ വർക്ക് പെർമിറ്റ് പുതുക്കിനൽകില്ലെന്ന് മാൻപവർ അതോറിറ്റി ഉത്തരവിറക്കിയത് കഴിഞ്ഞ ആഗസ്റ്റിലാണ്. ജനുവരി ഒന്നുമുതൽ ഇത് പ്രാബല്യത്തിലാവും.
ഉത്തരവിറങ്ങിയതിന് ശേഷം പരമാവധി ഒരു വർഷം വരെയാണ് ഇത്തരക്കാർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകുന്നത്. ഇൗ കാലപരിധി കഴിഞ്ഞാൽ ഇവർ നാട്ടിലേക്ക് മടങ്ങേണ്ടിവരും. സർക്കാറിെൻറ കഴിഞ്ഞ വർഷത്തെ സ്ഥിതിവിവരക്കണക്ക് പ്രകാരം ബിരുദം ഇല്ലാത്ത 60 വയസ്സ് തികഞ്ഞ ഒരു ലക്ഷത്തോളം പേർ കുവൈത്തിലുണ്ട്. ഇതിൽ ഒരു വിഭാഗം കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടാവുമെന്നും വിലയിരുത്തലുണ്ട്. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡം ആകുമ്പോൾ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് മടങ്ങേണ്ടി വരും. റസ്റ്റാറൻറ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് ഇവരിൽ അധികപേരും തൊഴിലെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.