60 വയസ്സ് പരിധി: മാൻപവർ അതോറിറ്റി ഇൗയാഴ്ച പ്രത്യേക യോഗം ചേരും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സുകഴിഞ്ഞ ബിരുദമില്ലാത്ത പ്രവാസികളുടെ തൊഴിൽ പെർമിറ്റ് പുതുക്കലുമായി ബന്ധപ്പെട്ട് മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് ഈ ആഴ്ച പ്രത്യേക യോഗം ചേരും.
വിഷയത്തിൽ നേരത്തെ അതോറിറ്റി കൈക്കൊണ്ട തീരുമാനത്തിന് നിയമസാധുതയില്ലെന്ന ഫത്വ നിയമ നിർമാണ സമിതിയുടെ വിലയിരുത്തലിെൻറ പശ്ചാത്തലത്തിലാണ് പ്രത്യേക യോഗം. 60 വയസ്സ് കഴിഞ്ഞ സർവകലാശാല ബിരുദം ഇല്ലാത്ത വിദേശികൾക്ക് തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ലെന്ന മാൻപവർ അതോറിറ്റിയുടെ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്നു കഴിഞ്ഞദിവസം കുവൈത്ത് മന്ത്രിസഭയിലെ ഫത്വ നിയമ നിർമാണ സമിതി വ്യക്തമാക്കിയിരുന്നു.
നയപരമായ തീരുമാനം എടുക്കാൻ മാൻപവർ അതോറിറ്റിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനിർമാണ സമിതി തീരുമാനം നിരാകരിച്ചത്.
ഈ പശ്ചാത്തലത്തിലാണ് മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനും വാണിജ്യ വ്യവസായ മന്ത്രിയുമായ അബ്ദുല്ല അൽ സൽമാൻ ഡയറക്ടർമാരുടെ യോഗം വിളിച്ചത്.
അതോറിറ്റിയുടെ മുൻ ഉത്തരവ് പിൻവലിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം വരുന്നതുവരെ നിലവിലെ നിരോധനം നിലനിൽക്കുമെന്ന് അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തീരുമാനം പിൻവലിക്കുകയാണെങ്കിൽ 60 വയസ്സ് കഴിഞ്ഞതിെൻറ പേരിൽ നാട്ടിലേക്ക് തിരികെ പോയ വിദേശികൾക്ക് പുതിയ വിസയില്‍ വരുന്നതിന് തടസ്സമുണ്ടാകില്ലെന്നു നിയമ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
താൽക്കാലിക ഇഖാമയിൽ രാജ്യത്തു തുടരുന്നവർക്കും ഫത്വ ബോർഡിെൻറ ഇടപെടൽ ഗുണം ചെയ്യും.
ജനുവരിയിൽ തീരുമാനം പ്രാബല്യത്തിൽ വന്നശേഷം നിരവധി വിദേശികൾ പ്രവാസം അവസാനിപ്പിച്ച് മടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.