കുവൈത്ത്-ചൈന ബന്ധം ശക്തിപ്പെടുത്താൻ ധാരണ; കിരീടാവകാശി ചൈനീസ് പ്രസിഡന്റുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: 19ാം ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ചൈനയിലെത്തിയ കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ചർച്ച നടത്തി. ചൈനയിലെ ഹാങ്ഷൗവിലെ വെസ്റ്റ് ലേക്കിൽ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ 50 വർഷത്തിലേറെയായി തുടരുന്ന ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവ കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
കുവൈത്തും ചൈനയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഉറപ്പിക്കുന്നതിനുള്ള ആഗ്രഹവും രാജ്യത്തലവന്മാർ പങ്കുവെച്ചു. അതുവഴി ഇരു ജനതകളുടെയും അഭിവൃദ്ധി വർധിപ്പിക്കലും വികസനം കൈവരിക്കലുമാണ് ലക്ഷ്യം. പ്രാദേശികവും അന്തർദേശീയവുമായ വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൈമാറി. രു രാജ്യങ്ങളും തമ്മിലുള്ള ധാരണയുടെയും സൗഹൃദത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ മേഖലകളിലും സഹകരണം പ്രോത്സാഹിപ്പിക്കാൻ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും ധാരണയായി. കിരീടാവകാശിയോടൊപ്പമുള്ള പ്രതിനിധി സംഘം ഔദ്യോഗിക ചർച്ചകളിൽ പങ്കെടുത്തു. ചർച്ചക്കുശേഷം കിരീടാവകാശി കുവൈത്ത് സന്ദർശിക്കാൻ ചൈനീസ് പ്രസിഡന്റിനെ ഔദ്യോഗികമായി ക്ഷണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.