ഗസ്സക്ക് സഹായം തുടരുന്നു; മൂന്നാമത് ഗസ്സ കപ്പൽ ജോർഡനിലെത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് (കെ.സി.ആർ) അയച്ച മൂന്നാമത് ഗസ്സ കപ്പൽ ജോർഡനിലെത്തി. അക്കാബ തുറമുഖത്ത് എത്തിയ കപ്പൽ ഗസ്സയിലെ ഫലസ്തീനികളുടെ ആശ്വാസത്തിന് ആവശ്യമായ 1,600 ടൺ സഹായ വസ്തുക്കൾ കപ്പലിലുണ്ട്. ജോർഡൻ ഹാഷെമൈറ്റ് ചാരിറ്റി ഓർഗനൈസേഷന്റെ (ജെ.എച്ച്.സി.ഒ) സഹകരണത്തോടെ കപ്പലിലെ വസ്തുക്കൾ കരമാർഗം ഗസ്സയിലെത്തിക്കും.
1,600 ടൺ സഹായത്തിൽ ഏകദേശം 650 ടൺ അവശ്യ ഭക്ഷണ പൊതികളും 450 ടൺ മെഡിക്കൽ സാമഗ്രികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് കെ.സി.ആർ മഹമൂദ് അൽ മെസ്ബയിലെ ദുരിതാശ്വാസ, പ്രോജക്ട് വിഭാഗം മേധാവി പറഞ്ഞു. അമ്മക്കും നവജാത ശിശുവിനുമുള്ള പരിചരണ സാമഗ്രികൾ അടങ്ങിയ, വസ്ത്രങ്ങൾ, പാത്രങ്ങൾ, വ്യക്തിഗത ശുചിത്വ സാമഗ്രികൾ, സജ്ജീകരിച്ച ടെന്റുകൾ, ഷെൽട്ടർ എന്നിവയും ഉൾപ്പെടുന്നു.
കുവൈത്ത് വിദേശകാര്യ, സാമൂഹിക കാര്യ മന്ത്രാലയങ്ങൾ, ചാരിറ്റി സംഘടനകൾ, ടർക്കിഷ് ഹ്യൂമാനിറ്റേറിയൻ റിലീഫ് ഫൗണ്ടേഷൻ (ഐ.എച്ച്.എച്ച്), ജെ.എച്ച്.സി.ഒ എന്നിവയുടെ ശ്രമങ്ങളിലാണ് കപ്പൽ അയച്ചത്.
സർക്കാർ സ്ഥാപനങ്ങളും 30 ചാരിറ്റികളും ചേർന്ന് കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് ആരംഭിച്ച കാമ്പയിനിന്റെ ഭാഗമായി കുവൈത്ത് അയക്കുന്ന മൂന്നാമത് ഗസ്സ സഹായ കപ്പലാണിത്. തുർക്കിയ തുറമുഖത്തുനിന്നാണ് കപ്പൽ പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.