ഗസ്സക്ക് സഹായം തുടരുന്നു; മൂന്നാമത് ‘ഗസ്സ കപ്പൽ’ പുറപ്പെട്ടു
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായുള്ള മൂന്നാമത്തെ ‘ഗസ്സ കപ്പൽ’ തുർക്കിയ തുറമുഖമായ മെർസിനിൽ നിന്ന് ജോർഡൻ തുറമുഖമായ അക്കാബയിലേക്ക് പുറപ്പെട്ടു. 1,600 ടൺ അടിസ്ഥാന ദുരിതാശ്വാസ സാമഗ്രികളും അവശ്യവസ്തുക്കളും അടങ്ങുന്നതാണ് കപ്പലെന്ന് കുവൈത്ത് റിലീഫ് സൊസൈറ്റി ട്രഷററും ദുരിതാശ്വാസ കമ്മിറ്റി തലവനുമായ ജമാൽ അൽ നൂരി പറഞ്ഞു.
150 ടൺ ഈത്തപ്പഴം, 35,000 ഭക്ഷണപ്പൊതികൾ, 35,000 മൈദ ബാഗുകൾ, 20,000 പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള ചികിത്സാ പാഴ്സലുകൾ, കുഞ്ഞുങ്ങളുടെ പാൽ, വിറ്റാമിനുകൾ, കുട്ടികൾക്കും ഗർഭിണികൾക്കും ആവശ്യമായ പോഷക സപ്ലിമെന്റുകൾ, പാർപ്പിട സാമഗ്രികൾ, ഡിറ്റർജന്റുകൾ, ടെന്റുകൾ, തലയണകൾ, പുതപ്പുകൾ, പരവതാനികൾ തുടങ്ങിയവ കപ്പലിലുണ്ട്.
അക്കാബ തുറമുഖത്ത് നിന്ന് ജോർഡൻ ചാരിറ്റി സംഘടനകളുമായി സഹകരിച്ച് ട്രക്കുകൾ വഴി റോഡ് മാർഗം സഹായം ഗസ്സയിലെത്തിക്കും.
കുവൈത്ത് വിദേശകാര്യ, സാമൂഹിക കാര്യ മന്ത്രാലയം, കുവൈത്ത് സന്നദ്ധ സംഘടനകൾ, തുർക്കിയ ഹ്യൂമാനിറ്റേറിയൻ റിലീഫ് ഫൗണ്ടേഷൻ, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഫ്രീഡംസ്, ജോർഡൻ ചാരിറ്റി ഓർഗനൈസേഷൻ എന്നിവയുടെ കൂട്ടായ ശ്രമങ്ങളിലാണ് കപ്പൽ പുറപ്പെട്ടത്.
കുവൈത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങളുമായുള്ള ഫലപ്രദമായ സഹകരണത്തിന്റെ ഫലമായാണ് ‘ഗസ്സ കപ്പലി’ന്റെ പ്രവർത്തനത്തിന്റെ വിജയമെന്ന് സൊസൈറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലും ഗസ്സ ഷിപ്പ് കാമ്പെയ്നിന്റെ ജനറൽ സൂപ്പർവൈസറുമായ ഒമർ അൽ തുവൈനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.