ഫലസ്തീന് സഹായം തുടരുന്നു: 40 ടൺ വസ്തുക്കളുമായി കുവൈത്തിൽനിന്ന് 40ാമത് വിമാനം
text_fieldsകുവൈത്ത്സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ഫലസ്തീന് കുവൈത്തിൽനിന്നുള്ള സഹായം തുടരുന്നു. തിങ്കളാഴ്ച 40 ടൺ മാനുഷിക സഹായ വസ്തുക്കളുമായി കുവൈത്തിൽ നിന്നുള്ള 40ാമത് വിമാനം ഈജിപ്തിലെ അൽ അരിഷിലെത്തി.
ഗസ്സയിലേക്ക് അടിയന്തര സഹായങ്ങൾക്കായി മൂന്ന് ആംബുലൻസുകളും വിമാനത്തിലുണ്ട്. ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷന്റെ (ഐ.ഐ.സി.ഒ) പങ്കാളിത്തത്തോടെ അൽ സലാം അസോസിയേഷൻ ഫോർ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ വർക്സാണ് സഹായങ്ങൾ ഏകോപിപ്പിച്ചത്.
വിമാനത്തിൽ മൂന്ന് ആംബുലൻസുകളും 285 ടെന്റുകളും ഭക്ഷണവും ഉണ്ടെന്ന് അൽ സലാം അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർപേഴ്സനും ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷന്റെ ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. നബീൽ അൽ ഔൻ പറഞ്ഞു. ഗസ്സക്ക് അസോസിയേഷൻ ഇതുവരെ 380 ടൺ സഹായം എത്തിച്ചതായും വ്യക്തമാക്കി.
ഫലസ്തീൻ ജനതയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അസോസിയേഷന്റെ വെയർഹൗസുകളിൽ 200 ടണ്ണിലധികം ദുരിതാശ്വാസ സഹായങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. കൂടുതൽ സഹായം എത്തിക്കുന്നതിന് അധിക വിമാനങ്ങൾ ഏർപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
ശൈത്യകാലത്ത് നാല് രാജ്യങ്ങളിലേക്ക് 500 ട്രക്ക് വസ്തുക്കൾ അയക്കൽ ലക്ഷ്യമിട്ട് ഡിസംബർ 15 ന് അൽ സലാം മാനുഷിക കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഗാസക്കായി 58 ട്രക്ക് ലോഡുകൾ അനുവദിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗസ്സയിൽ വിവിധ വസ്തുക്കളുടെ ആവശ്യം വർധിച്ചുവരുകയാണ്. ഇവ എത്തിക്കുന്നതിന് ഫലസ്തീൻ റെഡ് ക്രസന്റുമായുള്ള സഹകരണവും ഏകോപനവും കുവൈത്ത് പ്രതിരോധ, സാമൂഹിക, വിദേശ മന്ത്രാലയങ്ങളിൽ നിന്നുള്ള സൗകര്യവും ആവശ്യമാണെന്ന് ഐ.ഐ.സി.ഒ പ്രതിനിധി ഡോ. വാലിദ് അൽ അവാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.