ഫലസ്തീന് സഹായമെത്തിക്കൽ; വിദേശകാര്യ മന്ത്രി റെഡ്ക്രോസ് മേധാവിയുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീൻ പ്രദേശങ്ങളുടെയും ഗസ്സയിലെയും സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഇന്റർനാഷനൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ (ഐ.സി.ആർ.സി) റീജനൽ മേധാവി മമദോ സോവുമായി ചർച്ചചെയ്തു. ഫലസ്തീനിൽ മാനുഷിക, മെഡിക്കൽ, ദുരിതാശ്വാസ സഹായം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഐ.സി.ആർ.സിയുടെ പങ്ക് ശൈഖ് സലീം എടുത്തുപറഞ്ഞു. ഫലസ്തീനി പ്രദേശങ്ങൾ, ഗസ്സ എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ ആക്രമണം തടയേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചു.
സിവിലിയന്മാരെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായവും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നതിന് അതിർത്തികൾ തുറക്കുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി അടിവരയിട്ടു. ഗസ്സയിലെ ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ ഐ.സി.ആർ.സി നടത്തിയ ശ്രമങ്ങൾ മമദോ സോ അവതരിപ്പിച്ചു.
ദുരിതമനുഭവിക്കുന്നവരെയും ദുരിതബാധിതരെയും പിന്തുണക്കുന്നതിൽ കുവൈത്ത് വഹിച്ച വിശിഷ്ടമായ മാനുഷിക പങ്കിന് അദ്ദേഹം അഭിനന്ദനം അറിയിച്ചു. ലോകമെമ്പാടുമുള്ള മാനുഷിക പ്രവർത്തനങ്ങൾക്ക് നൽകുന്ന തുടർച്ചയായ കുവൈത്ത് പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു.
കുവൈത്തും ഇന്റർനാഷനൽ റെഡ്ക്രോസ് കമ്മിറ്റിയും തമ്മിലെ അടുത്ത സഹകരണ ബന്ധവും അവരുടെ ഭാവിസാധ്യതകളും അന്താരാഷ്ട്ര മാനുഷിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ മാനുഷിക പ്രതിസന്ധികൾക്കും ദുരന്തങ്ങൾക്കും മറുപടിയായി സംയുക്ത പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള വഴികളും യോഗം ചർച്ചചെയ്തു. കുവൈത്തും ഇന്റർനാഷനൽ റെഡ്ക്രോസും തമ്മിലെ സഹകരണവും ഭാവിസാധ്യതകളും അന്താരാഷ്ട്ര മാനുഷിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകളും ഇരുവരും ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.