വീണ്ടും റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ്; വ്യാഴാഴ്ച കോഴിക്കോട് യാത്ര മുടങ്ങി
text_fieldsകുവൈത്ത് സിറ്റി: യാത്രക്കാർക്ക് പ്രയാസം തീർത്ത് വീണ്ടും എയർഇന്ത്യ എക്സ്പ്രസിന്റെ റദ്ദാക്കൽ. വ്യാഴാഴ്ച കോഴിക്കോടു നിന്നും കുവൈത്തിലേക്കും കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള സർവിസുകൾ റദ്ദാക്കി. അപ്രതീക്ഷിത റദ്ദാക്കൽ യാത്രക്കാരെ ദുരിതത്തിലാക്കി. അടുത്തിടെയായി വിമാനം വൈകൽ പതിവായിരുന്നെങ്കിലും റദ്ദാക്കിയിരുന്നില്ല. വ്യാഴാഴ്ചയിലെ സർവിസ് പൂർണമായും റദ്ദാക്കിയതിൽ യാത്രക്കാരും പ്രതിഷേധത്തിലാണ്. വാരാന്ത്യമായതിനാൽ വ്യാഴാഴ്ച കുവൈത്തിൽ നിന്ന് നിരവധി പേർ നാട്ടിലേക്ക് ടിക്കറ്റെടുത്തിരുന്നു. മറ്റ് അത്യാവശ്യ യാത്രക്കാരും ഉണ്ടായിരുന്നു.
വിമാനം റദ്ദാക്കിയത് ചുരുങ്ങിയ ദിവസങ്ങളിൽ ലീവെടുത്ത് പോകുന്നവരുടെ ഒരു അവധി ദിവസവും നഷ്ടപ്പെടുത്തി. അത്യാവശ്യത്തിന് നാട്ടിൽ എത്തേണ്ടവർ മറ്റു വിമാനങ്ങൾക്ക് ടിക്കറ്റ് എടുത്ത് യാത്രതിരിച്ചു. എന്നാൽ, കോഴിക്കോട്ടേക്ക് കുവൈത്തിൽ നിന്ന് നേരിട്ട് മറ്റു സർവിസുകൾ ഇല്ലാത്തത് യാത്രക്കാരുടെ ദുരിതം കൂട്ടി. കണക്ഷൻ വിമാനത്തിൽ മറ്റു രാജ്യങ്ങൾ വഴിയാണ് ചിലർ തിരിച്ചത്. ഇത് അധിക പണച്ചെലവും സമയനഷ്ടവും ഉണ്ടാക്കി. വെക്കേഷൻ സമയം ആയതിനാൽ ഉയർന്ന നിരക്കാണ് മറ്റു വിമാനങ്ങളിൽ. വ്യാഴാഴ്ചയിലെ യാത്രക്കാർ എയർഇന്ത്യ എകസ്പ്രസിൽ വെള്ളിയാഴ്ച യാത്രക്ക് ഒരുങ്ങിയെങ്കിലും പലർക്കും സീറ്റ് കിട്ടിയില്ല. ശനിയാഴ്ച സർവിസ് ഇല്ലാത്തതിനാൽ ഞായറാഴ്ചയാണ് ചിലർക്ക് അവസരം കിട്ടിയത്. ഇതോടെ രണ്ടു ദിവസത്തെ ലീവ് റൂമിൽ ഇരുന്ന് നഷ്ടപ്പെടും എന്ന സങ്കടത്തിലാണ് പലരും. വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിരുന്നു. എന്നാൽ, അതിനു മുമ്പ് മിക്കവരും ലഗേജ് ഒരുക്കുകയും യാത്രക്ക് തയാറെടുക്കുകയും ചെയ്തിരുന്നു. സന്ദേശം ശ്രദ്ധിക്കാത്ത ചിലർ വിമാനത്താവളത്തിൽ എത്തുകയുമുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.