ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് വിമാന സർവിസ് പുനരാരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഏർപ്പെടുത്തിയ വിമാന വിലക്ക് പിൻവലിച്ചു. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വേ, മൊസാംബിക്, ലെസോതോ, എസ്വതനി, സാംബിയ, മലാവി എന്നീ രാജ്യങ്ങൾക്കാണ് ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ നവംബർ അവസാനം മുതൽ വിമാന വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഒമ്പത് രാജ്യങ്ങളിൽനിന്ന് യാത്രാവിമാനങ്ങൾക്ക് മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. നിയന്ത്രണങ്ങളോടെയും ജാഗ്രതയോടെയും ചരക്കുവിമാനങ്ങൾ സർവിസ് നടത്തിയിരുന്നു. ഈ ഒമ്പത് രാജ്യങ്ങളിലേക്കും നിലവിൽ കുവൈത്തിൽനിന്ന് നേരിട്ട് വിമാന സർവിസ് ഇല്ല. അതുകൊണ്ടുതന്നെ വിലക്ക് നീക്കൽ സാങ്കേതികം മാത്രമാണ്. കൂടുതൽ രാജ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുമോ എന്ന ആശങ്ക നീങ്ങിയതാണ് ആശ്വാസം. വൈറസ് വ്യാപിക്കുന്നതിനനുസരിച്ച് കൂടുതൽ രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉള്ള നിയന്ത്രണങ്ങൾ നീക്കുകയാണ് ചെയ്തത്.
വിമാനത്താവളം അടക്കുന്നത് അജണ്ടയിലില്ലെന്ന് കഴിഞ്ഞ ദിവസം കൊറോണ എമർജൻസി കമ്മിറ്റി ചെയർമാനും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് പറഞ്ഞതും പ്രവാസികളെ സംബന്ധിച്ച് ആശ്വാസ വാർത്തയാണ്. വിമാന സർവിസ് നടത്തുമ്പോൾ ആരോഗ്യസുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പിന് കുവൈത്ത് മന്ത്രിസഭ നിർദേശം നൽകി. കോവിഡ് കേസുകൾ സർവകാല റെക്കോഡ് ഭേദിച്ച് കുതിക്കുകയാണെങ്കിലും ഇതിനെ മറ്റു നിയന്ത്രണ നടപടികളിലൂടെ വരുതിയിലാക്കാമെന്ന ആത്മവിശ്വാസം അധികൃതർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.