എയർ സുവിധ: പ്രവാസികൾക്ക് ആശ്വാസ പ്രഖ്യാപനം
text_fieldsകുവൈത്ത് സിറ്റി: രണ്ട് വർഷമായി പ്രവാസികളെ വലച്ചിരുന്ന എയർ സുവിധ എന്ന ദുരിതം ഒഴിവായതിന്‍റെ ആശ്വാസത്തിൽ പ്രവാസികൾ. പ്രവാസികൾ നിരന്തരമായി നൽകിയ നിവേദനങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് എയർ സുവിധ പിൻവലിച്ചത്.
തിങ്കളാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. മാസ്കും പി.സി.ആർ പരിശോധനയുമെല്ലാം ഒഴിവാക്കിയിട്ടും ഇന്ത്യയിലേക്കുള്ള വിദേശ യാത്രക്കാർ എയർസുവിധയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കാത്തത് വിമർശനത്തിനിടയാക്കിയിരുന്നു. വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവർ യാത്രക്ക് മുൻപ് ഡൽഹി വിമാനത്താവളത്തിന്‍റെ വെബ്സൈറ്റിൽ (എയർ സുവിധ സൈറ്റ്) രജിസ്റ്റർ ചെയ്യണമെന്നായിരുന്നു നിബന്ധന. കോവിഡ് രൂക്ഷമായ സമയത്ത് യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാനാണ് ഈ നിബന്ധന ഏർപെടുത്തിയത്. വാക്സിനെടുക്കാത്തവർ പി.സി.ആർ ഫലവും ഇതോടൊപ്പം നൽകണമെന്ന് നിബന്ധനയുണ്ടായിരുന്നു. എന്നാൽ, രേഖകൾ സമർപ്പിച്ചാലും അപ്രൂവൽ ലഭിക്കാത്തത് യാത്രക്കാരെ വലച്ചിരുന്നു.
അടുത്ത ബന്ധുക്കൾ മരിച്ചിട്ടും എയർ സുവിധയുടെ അനുമതി ലഭിക്കാത്തതിനാൽ കൃത്യ സമയത്ത് നാട്ടിലെത്താൻ കഴിയാത്ത സംഭവങ്ങൾ പോലുമുണ്ടായി. നേരത്തെ, അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിലെത്തുന്നവർക്ക് എയർ സുവിധ ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചെങ്കിലും പിന്നീട് എല്ലാവർക്കും നിർബന്ധമാക്കി. പലരും വിമാനത്താവളത്തിലെത്തുമ്പോഴാണ് എയർ സുവിധയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന വിവരം അറിഞ്ഞിരുന്നത്. ഇത്തരക്കാർ അധിക തുക നൽകി വിമാനത്താവളത്തിൽ നിന്ന് തന്നെ രജിസ്റ്റർ ചെയ്ത് പ്രിന്‍റെടുത്തിരുന്നു.
സാങ്കേതിക പരിജ്ഞാനമില്ലാത്ത പ്രായമായവരാണ് ഈ സംവിധാനം കൊണ്ട് ഏറ്റവുമധികം ബുദ്ധിമുട്ടിയിരുന്നത്. ഇവർ അധിക പണം നൽകി ടൈപ്പിങ് സെന്‍ററിലോ ട്രാവൽ ഏജൻസിയിലോ എത്തിയാണ് എയർസുവിധ പ്രിന്‍റെടുത്തിരുന്നത്. എയർ സുവിധ നിർത്തലാക്കണമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളായ വി.ഡി. സതീശൻ, ശശി തരൂർ തുടങ്ങിയവർ ആവശ്യപ്പെട്ടിരുന്നു. വിമാനത്തിൽ മാസ്ക് ധരിക്കൽ നിർബന്ധമില്ല എന്ന് കേന്ദ്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയർ സുവിധയും ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.