വിമാന ടിക്കറ്റ് നിരക്ക് വർധന: സർക്കാറിന് ഇടപെടുന്നതിന് പരിമിതികളുണ്ട് -വി. മുരളീധരൻ
text_fieldsകുവൈത്ത് സിറ്റി: സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് വർധനവിൽ സർക്കാറിന് ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. വിമാന കമ്പനികൾ സ്വകാര്യ കമ്പനികളുടേതാണ് എന്നതിനാൽ ഇടപെടുന്നതിന് പരിമിതികളുണ്ട്.
ഇതാണ് ടിക്കറ്റ് നിരക്ക് വർധനവിൽ ഇടപെടാനാകില്ലെന്ന് വ്യോമയാന മന്ത്രി വ്യക്തമാക്കിയത്. എങ്കിലും വിഷയത്തിൽ വിദേശകാര്യ വകുപ്പിന് ഏതെല്ലാം നിലയിൽ ഇടപെടാനാകുമെന്ന് ആലോചിക്കുമെന്നും മുരളീധരൻ പറഞ്ഞു.
യാത്രാപ്രശ്നങ്ങൾ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിലുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. കണ്ണൂർ വിമാനത്താവളം വടക്കൻ കേരളത്തിലെ ആളുകളുടെ പ്രധാന ആശ്രയമാണ്. അവിടേക്കുള്ള ഒരു വിമാന സർവിസ് നിലച്ചതാണ് വിമാനത്താവളത്തിന്റെ പ്രതിസന്ധി. പകരം കാര്യങ്ങൾ ഏർപ്പെടുത്താനാകുമോ എന്നാണ് ആലോചിക്കുന്നത്.
കരിപ്പൂർ വിമാനത്താവള വികസനത്തിന് സഥലമേറ്റെടുത്ത് നൽകിയാൽ മാത്രമേ റൺവേ വികസനം സാധ്യമാകൂ. റൺവേ വികസനം നടന്നില്ലെങ്കിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് തടസ്സമുണ്ടാകും. സംസ്ഥാന സർക്കാറാണ് ഭൂമി ഏറ്റെടുത്ത് നൽകേണ്ടത്. കേരള സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ശ്രദ്ധപതിപ്പിച്ച് ഭൂമി ഏറ്റെടുത്ത് നൽകണം.
എംബസികളിലെ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് വഴി പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിച്ചുവരുന്നതായും പ്രവാസികളിൽ അസുഖബാധിതരുടെ ചികിത്സ, നിയമനടപടികൾ, താമസ പ്രശ്നങ്ങൾ പരിഹരിക്കൽ എന്നിവക്കും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും ഈ ഫണ്ട് ഉപയോഗപ്പെടുത്താമെന്ന് നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
വെൽഫെയർ കുവൈത്ത് വി. മുരളീധരന് നിവേദനം നൽകി
കുവൈത്ത് സിറ്റി: ആരോഗ്യപ്രശ്നങ്ങൾ കാരണം പ്രയാസം നേരിടുന്നതും നിയമതടസ്സങ്ങൾ മൂലം നാട്ടിൽ പോകാനും കഴിയാത്ത കോഴിക്കോട് സ്വദേശിയുടെ വിഷയം വെൽഫെയർ കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ശ്രദ്ധയിൽപെടുത്തി. കോഴിക്കോട് എമ്മംപറമ്പ് സ്വദേശി അബ്ദുൽ റഹീമാണ് പ്രയാസം നേരിടുന്നത്. അപകടത്തെ തുടർന്ന് ഇദ്ദേഹം ഒന്നര വർഷത്തിൽ കൂടുതലായി കുവൈത്ത് മുബാറകിയ ഹോസ്പിറ്റലിൽ കഴിയുകയാണ്.
ചില കേസുകളുടെ നിയമതടസ്സങ്ങൾ കാരണം നാട്ടിൽ പോകാനും ഇദ്ദേഹത്തിന് കഴിയുന്നില്ല. അബ്ദുൽ റഹീമിനെ നാട്ടിലെത്തിക്കാനുള്ള സത്വരനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് ലായിക്ക് അഹ്മദ് വി. മുരളീധരന് കൈമാറി. വിഷയത്തിൽ വെൽഫെയർ കുവൈത്ത് ഇടപെട്ടുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.