വിമാന ടിക്കറ്റ് നിരക്ക്; പ്രവാസികൾക്ക് ഇരുട്ടടിതന്നെ
text_fieldsകുവൈത്ത് സിറ്റി: പ്രവാസികളെ കൊള്ളയടിച്ച് കുതിച്ചുയരുന്ന വിമാനടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചതോടെ ഇരുട്ടടിയേറ്റ് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ. കഴിഞ്ഞദിവസം ലോക്സഭയിൽ എ.എം. ആരിഫ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന സഹമന്ത്രി ജനറൽ ഡോ. വി.കെ. സിങ്ങാണ് കേന്ദ്രസർക്കാറിന്റെ നിലപാട് വ്യക്തമാക്കിയത്.
ഗൾഫ് മേഖലയിൽനിന്ന് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലേക്കും തിരികെയും അനിയന്ത്രിതമായ വിമാനയാത്രനിരക്ക് വർധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളസർക്കാറിന്റെയും എം.പിമാരുടെയും നിവേദനം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ, എയർലൈൻസുകൾക്ക് ഇഷ്ടപ്രകാരം യാത്രാനിരക്ക് തീരുമാനിക്കാൻ കഴിയുന്നതിനാൽ കേന്ദ്രസർക്കാറിന് വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നുമാണ് ഡോ. വി.കെ. സിങ് ലോക്സഭയിൽ നൽകിയ മറുപടി.
വിമാനടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. വിമാനക്കമ്പനികൾ നീതീകരണമില്ലാത്ത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് അടൂർ പ്രകാശ് എം.പി നൽകിയ കത്തിന് മറുപടി ആയാണ് ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലേക്കുള്ള വിമാനനിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചിരുന്നു.
ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലവും സ്കൂളുകൾക്ക് അവധിയുമെത്തുമ്പോൾ ജൂൺ, ജൂലൈ മാസങ്ങളിൽ നിരവധി പ്രവാസികളാണ് കുടുംബസമേതം നാട്ടിലേക്ക് യാത്രചെയ്യുന്നത്. ആഗസ്റ്റ് അവസാനം ഓണം ആഘോഷിക്കുന്നതിനും നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കും. പെരുന്നാൾ, ക്രിസ്മസ് ആഘോഷങ്ങൾക്കുമുമ്പും നാട്ടിലേക്ക് തിരിക്കുന്നവർ നിരവധിയാണ്. ഈ സമയങ്ങളിലെല്ലാം തീവെട്ടിക്കൊള്ളയാണ് വിമാനക്കമ്പനികൾ നടത്തുന്നത്.
എല്ലാവരും നാട്ടിലെത്തിയാൽ അങ്ങോട്ടുള്ള ടിക്കറ്റ് നിരക്ക് കുറക്കുകയും തിരിച്ചുള്ള യാത്രയുടെ സമയങ്ങളിൽ തിരിച്ചുള്ള നിരക്ക് ഉയർത്തുകയും ചെയ്യും. സീസണിൽ ഇരട്ടിയിലധികം ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ ഉയർത്താറുണ്ട്.
വിഷയത്തിൽ ഇടപെടുന്നതിന് സംസ്ഥാന സർക്കാറിലും കേരളത്തിൽനിന്നുള്ള എം.പിമാരിലും വിവിധ പ്രവാസി സംഘടനകൾ സമ്മർദംചെലുത്തിയിരുന്നു. ഇതുപ്രകാരം മുഖ്യമന്ത്രിയുടെയും നോർക്ക ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിവേദനം നൽകുകയും വിവിധ എം.പിമാർ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്.
ഈ മാസാദ്യം അടൂർ പ്രകാശ് എം.പി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തെഴുതിയെങ്കിലും ഇടപെടാൻ കഴിയില്ലെന്ന് മറുപടി നൽകി. യാത്രക്കാരുടെ തിരക്കും വിമാന ഇന്ധന വിലവർധനയും കാരണമാണ് സീസണിൽ നിരക്ക് കൂടുന്നതെന്നായിരുന്നു അടൂർ പ്രകാശിന് മന്ത്രി നൽകിയ മറുപടി.
പ്രവാസികൾക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും നാട്ടിലെത്താൻ ന്യായമായ വിമാന നിരക്കിൽ ചാർട്ടേഡ് ഫ്ലൈറ്റുകളൊരുക്കാൻ അനുമതിതേടിയും ഇക്കാര്യത്തിൽ വ്യോമയാന മന്ത്രാലയത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടും കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഏപ്രിൽ രണ്ടാം വാരം മുതൽ അഡീഷനൽ, ചാർട്ടേഡ് ഫ്ലൈറ്റുകൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലും അനുകൂലമായ നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.