‘കഠിന കഠോരം’ വിമാന യാത്ര
text_fieldsകുവൈത്ത് സിറ്റി: അവധിക്കാലത്ത് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളെ വട്ടം ചുറ്റിച്ച് വിമാനക്കമ്പനികളുടെ സീസണൽ കൊള്ള തുടരുന്നു. ഉയർന്ന ടിക്കറ്റ് നിരക്കിനൊപ്പം, വിമാനം റദ്ദാക്കലും, വൈകലും കൂടി എത്തിയതോടെ ഈ സീസണിലും കുവൈത്ത് പ്രവാസികളുടെ യാത്ര ദുരിതത്തിലാണ്. യാത്രക്കാരെ മുഴുവൻ കയറ്റിയശേഷം മൂന്നുമണിക്കൂർ കഴിഞ്ഞാണ് ഞായറാഴ്ച കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് പുറപ്പെട്ടത്. വലിയ നിരക്കിൽ ടിക്കറ്റെടുത്ത് വിശന്നും തളർന്നും വിയർത്തും നാടണയേണ്ട ഗതികേടിലാണ് മലയാളി പ്രവാസികൾ.
കണ്ണൂർ യാത്ര കഠിനം
വിമാനങ്ങളുടെ കുറവും ഉയർന്ന ടിക്കറ്റ് നിരക്കും കാരണം മലബാർ മേഖലയിലെ പ്രവാസികളാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്. കണ്ണൂരിലേക്ക് കുവൈത്തിൽ നിന്ന് ആഴ്ചയിൽ മൂന്നുദിവസം സർവിസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് നിലച്ചിട്ട് ഒരു മാസം പിന്നിട്ടു. ഈ വിമാനത്തിനായി ടിക്കറ്റ് എടുത്തിരുന്നവർ മറ്റു വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്. ബംഗളൂരു, കോഴിക്കോട്, കൊച്ചി ടിക്കറ്റ് സംഘടിപ്പിച്ചാണ് ഇവർ നാട്ടിലേക്ക് തിരിക്കുന്നത്. കണ്ണൂരിലേക്ക് കുവൈത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആഴ്ചയിൽ ഒരു സർവിസ് മാത്രമാണ് നിലവിലുള്ളത്. ഗോഫസ്റ്റ് റദ്ദാക്കിയതോടെ എയർ ഇന്ത്യ ടിക്കറ്റ് ഡിമാന്റ് കൂടി. സീസൺ ആയതോടെ ടിക്കറ്റ് നിരക്കും ഇരട്ടിയായി.
കുത്തനെ ഉയരുന്ന ടിക്കറ്റ് നിരക്ക്
വിദ്യാലയങ്ങൾ അടക്കുകയും ആഘോഷങ്ങളും കണക്കിലെടുത്ത് നാട്ടിൽ പോകുന്നവരുടെ എണ്ണം കൂടിയതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കും കുത്തനെ കൂട്ടി. കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് 36000 ആണ് നിരക്ക്. കുവൈത്ത് -കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് നിരക്ക് 32,000ൽ എത്തി. കൊച്ചിയിലേക്കുള്ള കുവൈത്ത് എയർവേസ് 57,433 ജസീറ-46,964 എന്നിങ്ങനെയാണ് നിലവിൽ നിരക്ക്. കുവൈത്ത് - തിരുവനന്തപുരം കുവൈത്ത് എയർവേസ് ടിക്കറ്റ് നിരക്ക് 52000 വരെയായി ഉയർന്നു. ഈ മാസം അവസാനം വരെ എല്ലാ വിമാനങ്ങളിലും ഉയർന്ന നിരക്കാണ്. അതേസമയം, ജൂലൈ രണ്ടാംവാരം മുതൽ നാട്ടിലേക്കുള്ള നിരക്ക് കുറയും. ജൂലൈ ആദ്യവാരം 100 ദിനാറിന് താഴേയും രണ്ടാംവാരം 75 ദിനാറിന് താഴേയും, 30,31 തീയതികളിൽ 54 ദിനാറിനും എയർഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട്ടേക്ക് ടിക്കറ്റ് ലഭ്യമാണ്. അതേസമയം, ഈ ദിവസങ്ങളിൽ നാട്ടിൽനിന്ന് കുവൈത്തിലേക്കുള്ള നിരക്ക് കൂടുതലാണ്.
സീറ്റുകാലി, നിരക്കിൽ കുറവില്ല
സീറ്റുകളുണ്ടെങ്കിലും സീസണിൽ നിരക്ക് കുറക്കാൻ വിമാനക്കമ്പനികൾ തയാറാകില്ല. കിട്ടുന്ന അവസരത്തിൽ പ്രവാസികളെ ചൂഷണം ചെയ്യുകയെന്നതാണ് കമ്പനികളുടെ രീതി. ഞായറാഴ്ച കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു എന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി. ടിക്കറ്റ് നിരക്കിൽ ഇളവു വരുത്തിയാൽ മറ്റുയാത്രക്കാർ ഉപയോഗപ്പെടുത്തുകയും സീറ്റ് ഫുൾ ആകുമായിരുന്നു എന്നും സ്ഥിരം യാത്രക്കാർ പറയുന്നു. എന്നാൽ, ഇത്തരം ആനുകൂല്യങ്ങൾക്ക് വിമാന കമ്പനികൾ തയാറാകാറില്ല.
ടിക്കറ്റ് കൊള്ളക്കെതിരെ പ്രതിഷേധിക്കുക -കെ.കെ.എം.എ
സീസൺ സമയമായാൽ പ്രവാസികളെ പിഴിയാൻ മത്സരിക്കുകയാണ് എല്ലാ വിമാനക്കമ്പനിയും. വാങ്ങുന്ന ഇന്ധനത്തിനും ഉപയോഗിക്കുന്ന സൗകര്യത്തിനും വിമാനക്കമ്പനികൾ കൊടുക്കുന്നത് ഏതു സീസണിലും ഒരേ ചാർജ് തന്നെയാണ്. എന്നാൽ, യാത്രക്കാരോട് വാങ്ങുന്നത് സാധാരണ ടിക്കറ്റിലും ഇരട്ടിയും അതിൽ അധികവും. കാലങ്ങളായി പ്രവാസികൾ പ്രതിഷേധിക്കാറുണ്ടെങ്കിലും അതൊന്നും അധികൃതർ ശ്രദ്ധിക്കാറേ ഇല്ല. സർക്കാർ ഇതിൽ കാര്യമായി ഒരു സ്വാധീനവും ചെലുത്തുന്നുമില്ല. ഇതിനൊരു അവസാനം ഉണ്ടാവണം കുവൈത്തിൽനിന്നും കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് സർവിസ് നിലച്ചിട്ട് ഒരുമാസം കഴിഞ്ഞു. ഇതുമൂലം നിരവധി യാത്രക്കാർ പ്രയാസത്തിലാണ്. പകരം ടിക്കറ്റ് എടുക്കാൻ വൻ തുകയും അതുതന്നെ കിട്ടാൻ നെട്ടോട്ടത്തിലുമാണ്. ആവശ്യത്തിന് വിമാനങ്ങൾ ഏർപ്പെടുത്താനും ടിക്കറ്റ് നിരക്ക് സ്ഥിരമായി നിലനിർത്താനും അധികൃതർ ഇടപെടാമെന്ന് കെ.കെ.എം.എ ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രവാസി സമൂഹം ശക്തമായി പ്രതികരിക്കണമെന്നും കെ.കെ.എം.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.