നഷ്ടം നികത്താൻ പ്രവാസികളെ ചൂഷണം ചെയ്ത് വിമാന കമ്പനികൾ
text_fieldsകുവൈത്തിലേക്കുള്ള ഇടത്താവളമായി ദുബൈയിൽ കഴിയുന്നതിനിടെയാണ് ഇൗ കുറിപ്പെഴുതുന്നത്. നേരിട്ടുള്ള യാത്രക്ക് കുവൈത്ത് അനുമതി നിഷേധിച്ച 34 രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളാണ് ദുബൈ വഴി കുവൈത്തിലേക്ക് യാത്ര ചെയ്യുന്നത്. ആയിരക്കണക്കിന് പ്രവാസികൾ അങ്ങനെ കുവൈത്തിലെത്തുകയും ചെയ്തിട്ടുണ്ട്. കോവിഡ് മൂലം ഏകദേശം പൂർണമായും നിലച്ച ദുബൈയിലെ ഹോട്ടൽ, ട്രാവൽ മേഖലക്ക് ഇത് പുത്തൻ ഉണർവാണ് നൽകിയത്.ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ഈജിപ്ത്, ഫിലിപ്പീൻസ്, ശ്രീലങ്ക പോലുള്ള രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾ നാട്ടിലെയും കുവൈത്തിലെയും ട്രാവൽസുകൾ മുഖേനയാണ് യാത്രാ രേഖകൾ ശരിയാക്കുന്നത്. ടിക്കറ്റില്ലാതെയാണ് കൂടുതൽ ട്രാവൽസുകളും പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്.
ടിക്കറ്റടക്കം പ്രഖ്യാപിച്ച പല പാക്കേജുകളിലും നിലവിലെ അവസ്ഥയിൽ അമിതമായ പണം ഈടാക്കുന്നതിനാൽ പലരും ദുബൈയിലേക്കുള്ള ടിക്കറ്റ് മാത്രം എടുക്കുകയും ദുബൈയിൽനിന്ന് കുവൈത്തിലേക്കുള്ള ടിക്കറ്റ് 14 ദിവസത്തെ ക്വാറൻറീൻ കഴിയുന്നതിനനുസരിച്ച് എടുക്കുകയുമാണ് ചെയ്യുന്നത്.അത്തരത്തിൽ തുടക്കത്തിൽ വന്ന ആളുകൾക്ക് താരതമ്യേന ന്യായമായ വിലക്ക് ടിക്കറ്റ് കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ എത്തിയവർ കടുത്ത ചൂഷണത്തിന് ഇരയാവുന്നു. കോവിഡ് കാലത്തിന് മുമ്പ് 500 ദിർഹമിന് (ഏകദേശം 40 കുവൈത്തി ദീനാർ) കിട്ടിയിരുന്ന ടിക്കറ്റിന് കുവൈത്തിലേക്കുള്ള യാത്രക്കാർ അധികരിച്ചപ്പോൾ 1500ലെത്തുകയും ഇപ്പോൾ അത് 5000ത്തിന് (400 ദീനാറിന് മുകളിൽ) എത്തിയിരിക്കുകയുമാണ്. നാട്ടിൽനിന്ന് ടിക്കറ്റ് എടുക്കാതെ ദുബൈയിലെത്തിയ പ്രവാസികൾ അമിത നിരക്കിൽ പകച്ചുനിൽക്കുകയാണ്.
ചില ട്രാവൽസുകൾ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും അതിനും 2500 ദിർഹത്തിന് മുകളിലാണ് വില. 14 ദിവസം ക്വാറൻറീനിൽ ഇരുന്ന് കോവിഡ് പരിശോധന നടത്തിയിട്ടു വേണം കുവൈത്തിലേക്ക് ടിക്കറ്റ് എടുക്കാൻ. അതു കൊണ്ടുതന്നെ ടിക്കറ്റ് സമയത്തിന് കിട്ടുന്നുമില്ല.കുവൈത്തിൽ പുതിയ പ്രോജക്ടുകൾ കിട്ടിയ ചില ചൈനീസ്, ഫിലിപ്പീൻസ് കമ്പനികൾ തങ്ങളുടെ ജോലിക്കാരെ കൂട്ടമായി ദുബൈ വഴി കൊണ്ടുവരുന്നതും സാധാരണ പ്രവാസികളുടെ വരവുമാണ് ടിക്കറ്റ് വില കൂടുന്നതിനു കാരണമായി പറയുന്നത്. തുടക്കത്തിൽ 70,000- 80,000 രൂപ നിരക്കിൽ എല്ലാ ചെലവും അടക്കം പാക്കേജിൽ കേരളത്തിൽനിന്ന് കുവൈത്തിൽ എത്താമായിരുന്നു. ഇപ്പോൾ ടിക്കറ്റിന് മാത്രം അത്രയും പണം ചെലവഴിക്കേണ്ട അവസ്ഥയാണ്. മറ്റു ചെലവുകൾ വേറെയും. കോവിഡ് കാലത്ത് സർവിസ് മുടങ്ങിയതുമൂലമുള്ള നഷ്ടം നികത്താൻ പ്രവാസികളെ ചൂഷണം ചെയ്യുകയാണ് വിമാനക്കമ്പനികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.