ഓണം കളറാക്കാൻ വേഷങ്ങളുമായി അജയഘോഷ്
text_fieldsകുവൈത്ത് സിറ്റി: ഓണക്കാലമെത്തിയാൽ കുവൈത്തിൽ അജയഘോഷിനും തിരക്കുകളുടെ കാലമാണ്. ആഘോഷപരിപാടികളുടെ സ്റ്റേജ് മുതൽ ഘോഷയാത്രകളുടെ ചമയങ്ങൾ വരെ ഒരുക്കണം, മഹാബലിയെയും വാമനനെയും കണ്ടെത്തണം, പുലികളെ ഇറക്കണം, തോക്കുമായി വേട്ടക്കാരെ ചട്ടം കെട്ടണം... അങ്ങനെ ഒരുപാട് ജോലികൾ.
32 വർഷമായി കുവൈത്തിലുള്ള അജയഘോഷ് മൂന്നു പതിറ്റാണ്ടായി ആഘോഷങ്ങൾക്ക് നിറംപകരുന്നു. ഓണാഘോഷത്തിന് ദിവസം 10 മഹാബലികളെ വരെ ഒരുക്കാനുള്ള ചമയങ്ങൾ അജയഘോഷിന്റെ കൈയിലുണ്ട്. മാവേലിവേഷം കെട്ടാൻ സ്ഥിരം ആളുകളുമുണ്ട്.
മാവേലിക്കൊപ്പം വാമനവേഷവും അജയഘോഷ് ഒരുക്കിക്കൊടുക്കും. ആഘോഷത്തിന് മാറ്റുകൂട്ടാൻ പുലിക്കളിയും ഒരുക്കും. പുലികൾക്കൊപ്പം തോക്കുമായി വേട്ടക്കാരനും അജയഘോഷിന്റെ കസ്റ്റഡിയിലുണ്ട്.
ഓണത്തിന് ഘോഷയാത്ര ഒരുക്കുന്നവർക്കായി കാവടിയും മയിലും പൊയ്ക്കുതിരകളും കുമ്മാട്ടിയും വേണേൽ അതും ഒരുക്കും. മുകളിൽ ആൾക്ക് ഇരിക്കാവുന്ന മനോഹരമായ ആനയും അജയഘോഷ് നിർമിച്ചിട്ടുണ്ട്. നെറ്റിപ്പട്ടവും ചമയങ്ങളുമായി നിൽക്കുന്ന ആനപ്പുറത്തുകയറി മുത്തുക്കുട ചൂടി നിവർന്നിരിക്കാം. എറണാകുളം ഇടപ്പള്ളി സ്വദേശിയായ അജയഘോഷ് ചമയങ്ങൾക്ക് വേണ്ട മിക്ക വസ്തുക്കളും സ്വയം നിർമിക്കുന്നവയാണ്. ബാക്കിയുള്ളവ നാട്ടിൽനിന്ന് വരുത്തും. കുവൈത്തിൽ കലാസാംസ്കാരിക മേഖലകളിൽ സജീവമായ അജയഘോഷ് നാടകപ്രവർത്തനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.