കുവൈത്തിന് ഭക്ഷ്യ ഉൽപന്നങ്ങൾ നൽകാൻ ഇന്ത്യ സന്നദ്ധമെന്ന് അംബാസഡർ
text_fieldsകുവൈത്ത് സിറ്റി: കയറ്റുമതി നിരോധനം ഏർപ്പെടുത്തിയ ഗോതമ്പ് ഉൾപ്പെടെ കുവൈത്തിന് ആവശ്യമായ എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും നൽകാൻ ഇന്ത്യ പൂർണ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്.
ഇക്കാര്യം ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് വാണിജ്യ വ്യവസായമന്ത്രി ഫഹദ് അൽ ശരീആന് ഉറപ്പുനൽകിയതായി അൽറായി പത്രം റിപ്പോർട്ട് ചെയ്തു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സമയത്ത് ഇന്ത്യയിലെ ആശുപത്രികൾ അനുഭവിച്ച ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ 215 മെട്രിക് ടൺ ഓക്സിജനും ആയിരത്തിലധികം സിലിണ്ടറുകളും കുവൈത്ത് ഇന്ത്യയിലേക്ക് അയച്ചിരുന്നു.
ഈ സഹായം മുൻനിർത്തിയാണ് ഗോതമ്പ് കയറ്റുമതി നിരോധനത്തിൽനിന്ന് കുവൈത്തിനെ ഒഴിവാക്കാൻ ഇന്ത്യ തീരുമാനിച്ചത്.ഗോതമ്പ് ഉൾപ്പെടെ രാജ്യം അനുവദിക്കുന്ന എല്ലാ സാധനങ്ങളും നൽകി കുവൈത്തിന് പിന്തുണ നൽകുമെന്നും അംബാസഡർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
കുവൈത്തിന്റെ ഭക്ഷ്യ ഇറക്കുമതിയിൽ വലിയൊരു പങ്ക് ഇന്ത്യയിൽനിന്നാണ്. അരി, ഗോതമ്പ് ഉൾപ്പെടെയുള്ള അവശ്യ ഉൽപന്നങ്ങളാണ് ഇന്ത്യയിൽനിന്ന് കുവൈത്ത് ഇറക്കുമതി ചെയ്യുന്നത്. റഷ്യ യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ ഉരുത്തിരിഞ്ഞ ക്ഷാമവും വിലക്കയറ്റവും രാജ്യത്തെ ഭക്ഷ്യവിതരണത്തെ ബാധിക്കാതിരിക്കാൻ അതീവ ജാഗ്രതയിലാണ് കുവൈത്ത് ഭരണകൂടം.
ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ചില ഭക്ഷ്യഉൽപന്നങ്ങൾക്ക് കയറ്റുമതി നിരോധനവും കുവൈത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.വിപണിയിൽ ഉൽപന്നങ്ങൾ പൂഴ്ത്തിവെച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കുകയും വിലകൂട്ടി വിൽക്കുകയും ചെയ്യുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.