കുവൈത്തിലെ ഇന്ത്യൻ പൗരന്മാർക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് അംബാസഡർ
text_fieldsകുവൈത്ത്സിറ്റി: ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്തിലെ ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യൻ വംശജർക്കും ആശംസകൾ നേരുന്നു. കുവൈത്തിലെ അഭ്യുദയകാംക്ഷികൾക്കും സുഹൃത്തുക്കൾക്കും അഗാധമായ നന്ദി അറിയിക്കാനും ഈ അവസരം ഉപയോഗിക്കുന്നതായി അംബാസഡർ വ്യക്തമാക്കി.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉറ്റവും സൗഹൃദപരവുമായ ബന്ധത്തിനുള്ള അചഞ്ചലമായ പ്രതിബദ്ധതക്ക് കുവൈത്ത് നേതൃത്വം, സർക്കാർ, ജനങ്ങൾ എന്നിവർക്കും അംബാസഡർ നന്ദി അറിയിച്ചു.
കുവൈത്തുമായുള്ള ദീർഘമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു. ഈ വർഷം ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 75-ാം വർഷമാണ്.
ഇന്ത്യൻ ഭരണഘടന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലിഖിത ഭരണഘടനയാണ്. ഭരണഘടന ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും പൗരന്മാർക്ക് നീതി, സമത്വം, ചിന്തയുടെയും പ്രവർത്തനത്തിന്റെയും സ്വാതന്ത്ര്യം എന്നിവ ഉറപ്പുനൽകുകയും ചെയ്യുന്നു. ഈ ഭരണഘടനാ ഗാരന്റി ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും വിശ്വാസത്തിന്റെ ഒരു അനുച്ഛേദമാണെന്നും അംബാസഡർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ വ്യക്തമാക്കി.
ജനാധിപത്യം, ബഹുസ്വരത, നാനാത്വത്തിൽ ഏകത്വം എന്നിവയാണ് ഇന്ത്യൻ സമൂഹത്തിന്റെ പരമ്പരാഗത ധാർമികത. ’വസുധൈവ കുടുംബകം’ (ലോകം ഒരു കുടുംബമാണ്) എന്ന പുരാതന തത്ത്വചിന്തയിൽ ഇന്ത്യ വിശ്വസിക്കുന്നു. ഈ വിശ്വാസം വിദേശ നയത്തെയും നയിക്കുന്നതായും അംബാസഡർ സൂചിപ്പിച്ചു.
ഉഭയകക്ഷി രംഗത്ത് കുവൈത്തുമായുള്ള ബഹുമുഖ ഇടപെടലിൽ സ്ഥിരമായ പുരോഗതി കൈവരിക്കുന്നു.വരും നാളുകളിൽ ഇത് ശക്തിപ്പെടുത്തും.
കുവൈത്തുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ജീവനുള്ള പാലമായി കുവൈത്തിലെ ഊർജസ്വലരായ ഇന്ത്യൻ സമൂഹം തുടരുന്നു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനു എംബസി ഉയർന്ന മുൻഗണന നൽകുന്നതായും അംബാസഡർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.