ഗസ്സയിലേക്ക് ആംബുലൻസുകളും മൊബൈൽ ക്ലിനിക്കും
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ഗസ്സയിലേക്ക് കുവൈത്ത് സഹായം തുടരുന്നു. ചൊവ്വാഴ്ച 40 ടൺ മാനുഷിക സഹായവുമായി കുവൈത്ത് വിമാനം ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. രോഗികളുടെയും പരിക്കേറ്റവരുടെയും സഹായത്തിനായി രണ്ട് ആംബുലൻസുകളും ഒരു മൊബൈൽ ക്ലിനിക്കും സഹായത്തിലുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെയും നാഷനൽ ബാങ്ക് ഓഫ് കുവൈത്തിന്റെയും (എൻ.ബി.കെ) സഹായത്തിലാണ് ഇവ അയച്ചത്. ആംബുലൻസുകളും മൊബൈൽ ക്ലിനിക്കുകളും ഗസ്സയിലെ ജനങ്ങൾക്ക് മെഡിക്കൽ സേവനം നൽകും. ഗസ്സയിലെ സ്ഥിതിഗതികൾക്ക് മാനുഷിക സംഘടനകളിൽനിന്ന് അടിയന്തര സഹായവും ആശ്വാസവും ആവശ്യമാണെന്നു കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസാവി പറഞ്ഞു.
കെ.ആർ.സി.എസ് ഇതിനകം നിരവധി സഹായങ്ങൾ എത്തിച്ചു. തുടർന്നും സഹായം എത്തിക്കുമെന്നും അൽ ഹസാവി പറഞ്ഞു. സഹായം എത്തിക്കുന്നതിനായി വിമാനങ്ങൾ നൽകിയതിന് പ്രതിരോധ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഗസ്സയിലെ ജനങ്ങളെ പിന്തുണക്കുന്നതിന് കുവൈത്ത് നേതൃത്വത്തെയും വ്യക്തികളെയും ജനങ്ങളെയും അൽ ഹസാവി പ്രശംസിച്ചു. കൂടുതൽ സഹായം എത്തിക്കുന്നതിന് (റിലീഫ് ഫലസ്തീൻ) സൊസൈറ്റിയുടെ വെബ്സൈറ്റ് വഴി സംഭാവന നൽകാൻ അദ്ദേഹം ഓർമിപ്പിച്ചു. ഇസ്രായേൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ആശുപത്രികളും ഷെൽട്ടറുകളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടതായും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.