നൂതന സംവിധാനങ്ങളുമായി അതിവേഗം കുതിച്ചെത്തും ആംബുലൻസുകൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ സേവനങ്ങൾക്കായി 79 സജ്ജീകരിച്ച ആംബുലൻസുകൾ കൂടി. ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാദി ബുധനാഴ്ച പുറത്തിറക്കി. ഇതിൽ 10 വാഹനങ്ങൾ പരുക്കൻ ഭൂപ്രദേശങ്ങൾക്കായി പ്രത്യേകം രൂപവത്കരിച്ചവയാണ്. ശാസ്ത്രീയ പരിശീലനം ലഭിച്ച സംഘത്തിനൊപ്പം അടിയന്തര ആരോഗ്യ സംരക്ഷണത്തിന് ഇനി ഇവയുടെ സേവനം ഉണ്ടാകും.
ഈ വർഷം 100 ആംബുലൻസുകൾ കൂടി എമർജൻസി ഹെൽത്ത് കെയർ സിസ്റ്റത്തിൽ ഉൾപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.ഏറ്റവും പുതിയതും നൂതനവുമായ ഉപകരണങ്ങളും ഇലക്ട്രോണിക് സംവിധാനവുമായി ബന്ധിപ്പിച്ചതുമാകും ഇവ.
ഗതാഗത വകുപ്പിന്റെയും മെഡിക്കൽ അത്യാഹിത വിഭാഗത്തിന്റെയും സഹകരണം പദ്ധതിക്ക് പിന്നിലുണ്ടെന്നും ആംബുലൻസുകളിൽ അത്യാധുനിക സംവിധാനങ്ങൾ സജ്ജീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം എൻജിനീയറിങ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഇബ്രാഹിം അൽ നഹ്ഹാം പറഞ്ഞു. ആംബുലൻസുകളുടെ ഡിജിറ്റലൈസേഷൻ പ്രതിസന്ധി ഘട്ടങ്ങളിൽ ഹോസ്പിറ്റൽ എമർജൻസി മെഡിക്കൽ ടീമിന്റെ ഇടപെടലുകൾക്ക് സഹായകമാകുമെന്ന് മെഡിക്കൽ എമർജൻസി ഡയറക്ടർ ഡോ. അഹ്മദ് അൽ ഷാത്തി അഭിപ്രായപ്പെട്ടു. ആംബുലൻസുകളിലെ നൂതന സവിശേഷതകളിലൂടെ അടിയന്തിര ചികിത്സ കൂടുതൽ പുരോഗതി കൈവരിക്കുമെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.