അമീറിന് തുർക്കിയയിൽ ഊഷ്മള സ്വീകരണം
text_fieldsകുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ചൊവ്വാഴ്ച തുർക്കിയയിലെത്തി. തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഉന്നത വ്യക്തിത്വങ്ങൾ, തുർക്കിയയിലെ കുവൈത്ത് അംബാസഡർ വെയ്ൽ യൂസഫ് അൽ ഇനിസി, ഇസ്താംബൂളിലെ കുവൈത്ത് കോൺസൽ മുഹമ്മദ് സുൽത്താൻ അൽ ഷാർജി എന്നിവർ വിമാനത്താവളത്തിലെത്തി അമീറിനെ സ്വീകരിച്ചു. തുടർന്ന് അങ്കാറയിലെ പ്രസിഡൻഷ്യൽ പാലസിൽ ഔദ്യോഗിക സ്വീകരണ ചടങ്ങ് നടന്നു. അമീറിന്റെ വാഹനവ്യൂഹത്തെ ദേശീയ പതാകകൾ പറത്തി കുതിരപ്പടയാളികളുടെ അകമ്പടിയോടെയാണ് പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്ക് വരവേറ്റത്. കുവൈത്തിന്റെയും തുർക്കിയയുടെയും ദേശീയ ഗാനാലാപനവും നടന്നു.
അമീറിന്റെ വരവിനെ സ്വാഗതം ചെയ്യാൻ പീരങ്കികൾ ഇരുപത്തിയൊന്ന് വെടിയുതിർത്തു. തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടന്നു. അങ്കാറയിലെ അത്താതുർക്കിന്റെ ശവകുടീരവും അമീർ സന്ദർശിച്ചു. ശവകുടീരത്തിൽ പുഷ്പമാല ചാർത്തുകയും ബഹുമതി ബുക്കിൽ ഒപ്പിടുകയും ചെയ്തു. കുവൈത്ത് ധനകാര്യ സഹമന്ത്രിയും സാമ്പത്തിക നിക്ഷേപകാര്യ സഹമന്ത്രിയുമായ ഡോ. അൻവർ അലി അൽ മുദാഫ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, അമീരി ദിവാനിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പം തുർക്കിയയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.