അമീറിെൻറ സ്ഥാനാരോഹണത്തിന് ഇന്നേക്ക് 12 വയസ്സ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിെൻറ ഭരണചക്രം അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിെൻറ കൈകളിലെത്തിയിട്ട് തിങ്കളാഴ്ചത്തേക്ക് 12 വർഷം തികഞ്ഞു. മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വിയോഗത്തെ തുടർന്ന് 2006 ജനുവരി 29നാണ് ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹ് കുവൈത്തിെൻറ 15ാമത് അമീറായി സ്ഥാനമേറ്റത്.
1929 ജൂൺ 26ന് ശൈഖ് അഹ്മദ് അൽജാബിർ അസ്സബാഹിെൻറ നാലാമത്തെ മകനായി ജനിച്ച ശൈഖ് സബാഹ് യൂറോപ്പിലെ വിദ്യാഭ്യാസ കാലത്തിനുശേഷം തിരിച്ചെത്തിയപ്പോൾ 1954ൽ 25ാം വയസ്സിൽതന്നെ തൊഴിൽ, സാമൂഹിക മന്ത്രാലയത്തിന് കീഴിലെ സമിതിയുടെ മേധാവിയായി ചുമതലയേറ്റു. മൂന്നു വർഷത്തിനുശേഷം സർക്കാർ പ്രസിദ്ധീകരണ വിഭാഗത്തിെൻറ മേധാവിയായ അദ്ദേഹത്തിെൻറ കാലത്താണ് രാജ്യത്തെ പ്രഥമ സാംസ്കാരിക പ്രസിദ്ധീകരണമായ ‘അൽഅറബി’ തുടങ്ങിയത്. 1962ൽ ഇൻഫർമേഷൻ മന്ത്രിയായി സ്ഥാനമേറ്റാണ് ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് ആദ്യമായി ഭരണരംഗത്തേക്ക് വരുന്നത്. 63ൽ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാറി. 2003ൽ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നതുവരെ ആ പദവിയിൽ തുടർന്നു.
ലോകത്തുതന്നെ ഇത്രകാലം തുടർച്ചയായി വിദേശകാര്യ മന്ത്രിയായിരുന്ന മറ്റൊരാളില്ലെന്നാണ് കരുതപ്പെടുന്നത്. 2003ൽ പ്രധാനമന്ത്രി പദവിയിലേക്ക് ഉയർത്തപ്പെട്ടു. 2006ൽ അമീറായി അവരോധിക്കപ്പെട്ടതോടെ ജനങ്ങളുടെ പ്രിയങ്കരനായ സാരഥിയായി. ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിൽ തർക്കവുമായി ബന്ധപ്പെട്ട് ജി.സി.സിയിൽ രൂപപ്പെട്ട പ്രതിസന്ധി സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ കുവൈത്ത് അമീറിെൻറ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ ലോകത്തിെൻറ ശ്രദ്ധയാകർഷിച്ചതാണ്. പ്രതിസന്ധി കാരണം മുടങ്ങുമെന്ന് കരുതിയ ജി.സി.സി ഉച്ചകോടി അമീറിെൻറ നേതൃത്വത്തിൽ കഴിഞ്ഞവർഷം ഏറ്റെടുത്ത് നടത്തി. കഴിഞ്ഞവർഷം കുവൈത്തിൽ നടന്ന ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ മുഴുവൻ ചെലവും അമീർ വ്യക്തിപരമായി ഏറ്റെടുത്ത് മാതൃകയായി. ശൈഖ് സബാഹിെൻറ ഭരണസാരഥ്യം 12 വർഷം പിന്നിടുമ്പോൾ എല്ലാ മേഖലകളിലും വികസനക്കുതിപ്പാണ് ദൃശ്യമാവുന്നത്. രാജ്യം പുതിയകാലത്തിലേക്ക് കാലൂന്നിയ വർഷങ്ങളാണ് കഴിഞ്ഞുപോയത്.
ഭാവിയിലേക്കുള്ള കുതിപ്പിന് അടിത്തറ പാകുന്നതിനും ഈ കാലം സാക്ഷിയായി. മുൻഗാമിയുടെ കാൽവെപ്പുകൾ പിന്തുടർന്ന് ജനാധിപത്യവും ഐക്യവും സംരക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തിയ ശൈഖ് സബാഹ് രാജ്യത്തെ വികസനത്തിെൻറയും അഭിവൃദ്ധിയുടെയും നവ വിഹായസ്സിലേക്ക് നയിക്കുകയും ചെയ്തു. വിഭാഗീതയകൾക്കും സംഘർഷങ്ങൾക്കും ഇടംനൽകാതെ രാജ്യത്തിെൻറ പുരോഗതി മാത്രം ലക്ഷ്യംവെച്ചുള്ള ഭരണമാണ് അദ്ദേഹത്തിെൻറ രീതി.
ലോകതലത്തിൽ സേവന മേഖലകളിൽ സംഭാവനകൾ അർപ്പിച്ചതിന് ഐക്യരാഷ്ട്ര സഭ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ
അസ്സബാഹിന് മാനുഷികസേവയുടെ ലോക നായകപ്പട്ടം നൽകി ആദരിച്ചു. 2014 സെപ്റ്റംബർ ഒമ്പതിന് ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ആണ് അമീറിനെ ലോകതലത്തിൽ മനുഷ്യസേവന പ്രവർത്തനങ്ങളുടെ നായകനായി തെരഞ്ഞെടുത്ത് പ്രഖ്യാപനം നടത്തിയത്.
രാജ്യവും മതവും ഭാഷയും വർണവും നോക്കാതെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രയാസങ്ങളനുഭവിക്കുന്നവരെ സഹായിക്കുന്നതിലുള്ള പ്രത്യേക താൽപര്യം പരിഗണിച്ചാണ് കുവൈത്ത് അമീറിന് ഈ നായകപ്പട്ടം നൽകുന്നതെന്ന് അന്നത്തെ ചടങ്ങിൽ ബാൻ കി മൂൺ വ്യക്തമാക്കിയിരുന്നു. കുവൈത്തിനെ ഗൾഫ് മേഖലയുടെ സാമ്പത്തിക, വാണിജ്യ കേന്ദ്രമാക്കി വികസിപ്പിക്കുകയെന്ന വലിയ സ്വപ്നമാണ് അമീർ മുന്നോട്ടുവെക്കുന്നത്. ഇതനുസരിച്ചുള്ള വമ്പൻ പദ്ധതികളുടെ അണിയറ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമുൾപ്പെടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളുമായി സിൽക്ക് സിറ്റി, മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്ന് കരുതപ്പെടുന്ന ബുബ്യാൻ തുറമുഖ വികസനം, കാർഗോ സിറ്റി, മെേട്രാ-ജി.സി.സി റെയിൽപാത, ഫൈലക ദ്വീപ് വികസന പദ്ധതി, അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ നവീകരണം, ജഹ്റ റോഡ് പദ്ധതി, ശൈഖ് ജാബിർ ആശുപത്രി, ശൈഖ് സബാഹ് അഹ്മദ് യൂനിവേഴ്സിറ്റി തുടങ്ങി എല്ലാമേഖലകളിലും വൻകിട പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.