അമീറിെൻറ ചൈന സന്ദർശനം നാളെമുതൽ: വ്യാപാര ബന്ധം ശക്തിപ്പെടുത്തും
text_fieldsകുവൈത്ത് സിറ്റി: നാലുദിവസത്തെ സന്ദർശനത്തിന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ജൂലൈ ഏഴ് ശനിയാഴ്ച ചൈനയിലേക്ക് തിരിക്കും. അമീറിെൻറ സന്ദർശനം കുവൈത്ത്– ചൈന സഹകരണത്തിൽ പുതിയ ഉണർവിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപത്തിൽ അമീറിെൻറ സന്ദർശനം നിർണായക വഴിത്തിരിവാകും. അമീറിെൻറ കാർമികത്വത്തിൽ നടപ്പാക്കുന്ന ‘വിഷൻ 2035’ എന്ന വികസന പദ്ധതികളിൽ ചൈനയുടെ സഹകരണം സുപ്രധാനമാണ്.
കുവൈത്തിലെ ദ്വീപ് വികസനത്തിനും റോഡ് വികസനത്തിനും ചൈനയുടെ സഹകരണം തേടിയിട്ടുണ്ട്. കുവെത്തിലെ ബുബ്യാൻ ദ്വീപ്, സിൽക്ക് സിറ്റി എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട് കുവൈത്ത് അധികൃതർ നേരത്തേ ചൈനയിലെത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയിരുന്നു. പെട്രോളിയം, പെട്രോകെമിക്കൽ ഉൽപാദന മേഖലകളിലും കുവൈത്ത് ചൈനയുടെ സഹകരണം തേടുന്നു. ബദൽ ഉൗർജം, പവർ പ്ലാൻറുകളുടെ നിർമാണം തുടങ്ങിയവയിലാണ് സാേങ്കതിക പിന്തുണ തേടുന്നത്. കഴിഞ്ഞ വർഷം കുവൈത്തും ചൈനയും തമ്മിൽ 2.4 ശതകോടി ദീനാറിെൻറ നിർമാണ പ്രവർത്തനങ്ങളുടെ കരാറിൽ ഒപ്പുവെച്ചിരുന്നു. 2016ൽ ഇരു രാജ്യങ്ങൾക്കിടയിൽ 9.5 ബില്യൻ ഡോളറിെൻറ വാണിജ്യ കൈമാറ്റം നടന്നത് 2017ൽ 12.04 ബില്യൻ ഡോളറായി വർധിച്ചു.
1971ൽ കുവൈത്ത് ആണ് ചൈനയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ആദ്യ അറബ് രാജ്യം. ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്ങുമായുള്ള ചർച്ചയാണ് സന്ദർശനത്തിലെ പ്രധാന അജണ്ട. സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്ന് ചൈനീസ് അംബാസഡർ വാങ് ഡി പറഞ്ഞു. ചൈന- അറബ് കോഒാപറേഷൻ ഫോറം സമ്മേളനത്തിലും അമീർ സംബന്ധിക്കും. അറബ് രാജ്യങ്ങളും ചൈനയും തമ്മിൽ സംവദിക്കാൻ 2004ൽ രൂപം നൽകിയതാണ് ഫോറം. 2009ൽ മധ്യത്തിലാണ് കുവൈത്ത് അമീർ മുമ്പ് ചൈന സന്ദർശിച്ചത്. ചൈനയിൽ എണ്ണ ശുദ്ധീകരണ ശാല നിർമാണവും വിദ്യാഭ്യാസം, ഉൗർജം, അടിസ്ഥാന സൗകര്യവികസനം, കായികം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട് അന്ന് ഉഭയകക്ഷി കരാറിൽ ഒപ്പിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.