സൗഹൃദം പുതുക്കി അമീർ ജോർഡനിൽ
text_fieldsകുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ചൊവ്വാഴ്ച ജോർഡനിലെത്തി. ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനും കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനും നേരിട്ടെത്തി അമീറിനെ സ്വീകരിച്ചു. മിലിട്ടറി ബാൻഡുകൾ കാഹളം മുഴക്കുകയും അമീറിന്റെ വരവിനെ സ്വാഗതം ചെയ്യാൻ പീരങ്കികൾ 21 റൗണ്ട് വെടിയുതിർക്കുകയും ചെയ്തു. കുവൈത്തിന്റെയും ജോർഡന്റെയും ദേശീയ ഗാനവും ആലപിച്ചു. ജോർഡൻ വ്യോമപാതയിൽ രാജകീയ യുദ്ധവിമാനങ്ങളുടെ ഒരു കൂട്ടം അമീറിന്റെ വിമാനത്തിന് അകമ്പടിയായി സേവിച്ചു. കുവൈത്തും ജോർഡനും തമ്മിലുള്ള പരമ്പരാഗത സാഹോദര്യ ബന്ധത്തിന് കൂടുതൽ വളർച്ച ലക്ഷ്യമിട്ടാണ് സന്ദർശനം. സന്ദർശനത്തിനിടെ ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, മറ്റു മുതിർന്ന നേതൃത്വം എന്നിവരുമായി അമീർ കൂടിക്കാഴ്ച നടത്തി.
വിവിധ ഉഭയകക്ഷി കരാറുകളിലും ധാരണയായി. ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ അൻവർ അലി അൽ മുദാഫ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യ, മുതിർന്ന ഉദ്യോഗസ്ഥർ, അമീരി ദിവാൻ എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘം അമീറിനെ അനുഗമിച്ചു. പാരമ്പര്യമായി അടുത്ത ബന്ധം നിലനിർത്തുന്ന രാജ്യങ്ങളാണ് കുവൈത്തും ജോർഡനും. ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായാണ് അമീർ ജോർഡൻ സന്ദർശിക്കുന്നത്. നേരത്തെ സൗദി, ഒമാൻ, ബ്ഹ്റൈൻ, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ അമീർ സന്ദർശനം നടത്തിയിരുന്നു.
അബ്ദുല്ല രണ്ടാമൻ രാജാവിന് അമീറിന്റെ അഭിനന്ദനം
കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനും ചൊവ്വാഴ്ച ബാസ്മാൻ കൊട്ടാരത്തിൽ ഔദ്യോഗിക ചർച്ച നടത്തി. ചർച്ചയിൽ കുവൈത്തും ജോർഡനും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ഉഭയകക്ഷി ബന്ധവും പരസ്പര സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുപക്ഷവും സ്പർശിച്ചു. കിരീടധാരണത്തിന്റെ 25ാം വാർഷികത്തിൽ അബ്ദുല്ല രണ്ടാമൻ രാജാവിനെ അമീർ അഭിനന്ദിച്ചു. അബ്ദുല്ല രണ്ടാമൻ രാജാവിന്റെ വിവേകപൂർണമായ നേതൃത്വത്തിന് കീഴിൽ ജോർഡൻ നേടിയ നേട്ടങ്ങളെ പ്രശംസിച്ചു. അമീറിന്റെ ഔദ്യോഗിക പ്രതിനിധി സംഘവും ചർച്ചയുടെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.