കുവൈത്ത് അമീർ ഞങ്ങളുടെ ഹൃദയങ്ങളിൽ
text_fieldsദോഹ: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന് ഓരോ ഖത്തരി പൗരെൻറയും ഹൃദയത്തിൽ പ്രത്യേക സ്ഥാനം ലഭിച്ചിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി.
അമേരിക്കൻ പ്രസിഡൻറിെൻറ ദി ലീജിയൻ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാൻഡർ പദവി നേടിയ കുവൈത്ത് അമീറിന് പ്രത്യേകം അഭിനന്ദനം നേരുന്നുവെന്നും ഈ അംഗീകാരത്തിൽ കുവൈത്തി, ഖത്തരി, ഗൾഫ് ജനതയെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂടിച്ചേർത്തു. കുവൈത്ത് ടി.വിയുടെ വാട്ട്സ് നെക്സ്റ്റ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബ് നയതന്ത്രത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട ഉപദേശകനും ഈ വഴിയിലെ നേതാവുമാണ് കുവൈത്ത് അമീർ. യു.എസ് പ്രസിഡൻറിെൻറ അംഗീകാരം അദ്ദേഹത്തിെൻറ പദവിയെ കൂടുതൽ ഉയർത്തി. ഈ ആദരവും ബഹുമതിയും അദ്ദേഹം ഏറെ അർഹിച്ചിരുന്നു.
2014ലെ ഹ്യൂമാനിറ്റേറിയൻ ആക്ഷൻ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട കുവൈത്ത് അമീർ നിരവധി നേട്ടങ്ങളാണ് തെൻറ വഴിയിൽ കരസ്ഥമാക്കിയിട്ടുള്ളതെന്നും ഉപപ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കുവൈത്തിെൻറ വിദേശനയം നിയന്ത്രിച്ച ശൈഖ് സബാഹ് യുക്തിപൂർവമുള്ള നയങ്ങളുടെ ആചാര്യനാണ്. അദ്ദേഹം പിന്നീട് കുവൈത്ത് ഭരണാധികാരിയായി മാറുകയായിരുന്നു. ദൗർഭാഗ്യവശാൽ വിവേകത്തോടെയും യുക്തിയോടെയും കാര്യങ്ങളെ സമീപിക്കുന്നത് ഇക്കാലത്ത് വിരളമായിരിക്കുകയാണ്. എന്നാൽ, യുക്തിയുടെയും വിവേകത്തിെൻറയും അടയാളമായി ശൈഖ് സബാഹും കുവൈത്തും മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2017ൽ ഗൾഫ് പ്രതിസന്ധി ആരംഭിച്ചതിനുശേഷം മഞ്ഞുരുക്കത്തിനായി ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് സഞ്ചരിക്കുകയായിരുന്നു കുവൈത്ത് അമീർ. ഗൾഫ് പ്രതിസന്ധിയുൾപ്പെടെ നിരവധി പ്രതിസന്ധികളിൽ കുവൈത്ത് സ്വീകരിച്ച നയനിലപാടുകളിൽ ഖത്തർ ഭരണകൂടത്തിെൻറയും ജനങ്ങളുടെയും പ്രശംസ അദ്ദേഹത്തിനുണ്ടെന്നും അഭിമുഖത്തിൽ ഖത്തർ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.