രാഷ്ട്രീയ തടവുകാർക്ക് പൊതുമാപ്പ്
text_fieldsകുവൈത്ത് സിറ്റി: രാഷ്ട്രീയ തടവുകാർക്ക് പ്രത്യേക പൊതുമാപ്പ് അനുവദിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിന് മന്ത്രിസഭ അംഗീകാരം നൽകി.
പ്രതിവാര യോഗത്തിൽ മന്ത്രിസഭ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉപ പ്രധാനമന്ത്രിയും കാബിനറ്റ്കാര്യ സഹമന്ത്രിയുമായ ബറാക് അൽ ഷൈതാൻ അറിയിച്ചു.
2011 നവംബർ 16 മുതൽ 2021 അവസാനം വരെ കുറ്റകൃത്യങ്ങൾ ചെയ്തതിന് ജയിലിൽ കഴിയുന്ന നിരവധി കുവൈത്ത് പൗരന്മാർക്ക് പൊതുമാപ്പ് നൽകാൻ ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നു. മാപ്പ് നൽകേണ്ട തടവുകാരുടെ പേരുവിവരങ്ങൾ തയാറാക്കാൻ തന്റെ നേതൃത്വത്തിൽ അറ്റോണി ജനറലും ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറിയും ഉൾപ്പെടുന്ന പ്രത്യേക സമിതി വ്യാഴാഴ്ച യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു.
എന്നാൽ, എത്ര തടവുകാർക്ക് മാപ്പുനൽകുമെന്നും പ്രത്യേക സമിതിയുടെ പ്രവർത്തന സമയപരിധി സംബന്ധിച്ച വിശദാംശങ്ങളും മന്ത്രി നൽകിയില്ല.
അമീറിന്റെ അധികാരത്തെ രേഖാമൂലമോ പ്രസംഗത്തിലൂടെയോ പരസ്യമായി അപമാനിച്ചതിന് ജയിലിൽ കഴിയുന്നവർ, ഫോൺ ദുരുപയോഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ടവർ, രാജ്യത്തിന്റെ ആഭ്യന്തര സ്ഥിതിയെക്കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന് ശിക്ഷ അനുഭവിക്കുന്നവർ എന്നിങ്ങനെ ജയിലിൽ കഴിയുന്നവർക്ക് ഇളവ് ലഭിക്കുമെന്നാണ് സൂചന. മാസങ്ങൾക്കുമുമ്പ്, അമീർ നിരവധി പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്കും മറ്റു നിരവധി തടവുകാരും മാപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.