പൊതുമാപ്പ്: നാടുവിടുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തില്ലെന്ന് വീണ്ടും ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തില്ലെന്ന് ആവർത്തിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പൊതുമാപ്പുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് വിദേശികൾക്കിടയിൽ പ്രചരിക്കുന്നത്. എമർജൻസി സർട്ടിഫിക്കറ്റുമായി എമിേഗ്രഷൻ ആസ്ഥാനത്തെത്തുന്നവരുടെ വിരലടയാളം ശേഖരിക്കുന്നതാണ് ആശയക്കുഴപ്പത്തിന് കാരണം.
മറ്റു രേഖകൾ ഒന്നും ഇല്ലാതെ ഔട്പാസുമായി മാത്രം എത്തുന്നവരുടെ സിവിൽ ഐഡി നമ്പർ വീണ്ടെടുക്കുന്നതിനായാണ് വിരലടയാളം ശേഖരിക്കുന്നത്.
വിരലടയാളം ശേഖരിച്ച് കുറ്റാന്വേഷണ വിഭാഗത്തിലേക്കയച്ച് ക്ലിയറൻസ് ലഭിച്ചാൽ മാത്രമാണ് ഇവർക്ക് യാത്രാനുമതി നൽകുക. ജനന സർട്ടിഫിക്കറ്റ് ഇല്ലാത്ത കുട്ടികളുടെ കേസുകളിലും ബന്ധുത്വം തെളിയിക്കാൻ രക്തസാമ്പിൾ, വിരലടയാളം എന്നിവ പരിശോധിക്കേണ്ടിവരും.
കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നാടുകടത്താൻവേണ്ടിയാണ് വിരലടയാളം എടുക്കുന്നത് എന്ന രീതിയിലാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. എന്നാൽ, ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ താമസാനുമതി പ്രവേശനവകുപ്പ് ഡയറക്ടർ കേണൽ ഹമദ് റഷീദ് അൽ ത്വലാഹ് പറഞ്ഞു. ഇളവുകാലത്ത് രാജ്യം വിടുന്നവർക്ക് പുതിയ വിസയിൽ വരുന്നതിനു തടസ്സമുണ്ടാകില്ലെന്നും അതേസമയം, പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ രാജ്യത്ത് തുടരുന്നവരെ വിരലടയാളം പതിപ്പിച്ച് പിന്നീട് തിരിച്ചുവരാനാകാത്തവിധം നാടുകടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.