പൊതുമാപ്പ്: തിരിച്ചൊഴുക്കിന് വേഗം പോര; മടങ്ങിയത് 15,000ത്തിൽ താഴെ പേർ
text_fieldsകുവൈത്ത് സിറ്റി: പൊതുമാപ്പ് പ്രാബല്യത്തിലായി രണ്ടാഴ്ചയോടടുത്തിട്ടും ഇതുവരെ രാജ്യം വിട്ടത് 15,000ത്തിൽ താഴെ മാത്രം ആളുകൾ. നാടുവിട്ടവെരയും താമസം നിയമപരമാക്കിയവെരയും ചേർത്തുള്ള കണക്കാണിത്. 1,54,000 അനധികൃത താമസക്കാർ രാജ്യത്തുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് വെച്ചുനോക്കുേമ്പാൾ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. പൊതുമാപ്പ് കാലപരിധിക്കുള്ളിൽ കാൽഭാഗം ആളുകൾ പോലും തിരികെപ്പോവില്ലെന്നാണ് നിലവിലെ സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന സൂചന. ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെയായി 25 ദിവസം മാത്രമാണ് ഇത്തവണ പൊതുമാപ്പ് കാലാവധി. ആറരവർഷത്തിന് ശേഷമാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്.
2011ലാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. മൂന്നുമാസത്തേക്ക് അനുവദിച്ച അന്നത്തെ പൊതുമാപ്പിൽ അനധികൃത താമസക്കാരില് 25 ശതമാനം പേർ മാത്രമാണ് ഇളവ് പ്രയോജനപ്പെടുത്തിയത്. അതിനിടെ, പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തില്ലെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വലിയ ചോദ്യംചെയ്യലും ബുദ്ധിമുട്ടിക്കലും ഒന്നുമില്ലാതെയാണ് വിമാനത്താവളം വഴി പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി പോവുന്നവരെ അയക്കുന്നത്.
പൊതുമാപ്പുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് വിദേശികൾക്കിടയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. എമർജൻസി സർട്ടിഫിക്കറ്റുമായി എമിഗ്രഷൻ ആസ്ഥാനത്തെത്തുന്നവരുടെ വിരലടയാളം ശേഖരിക്കുന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. മറ്റു രേഖകൾ ഒന്നും ഇല്ലാതെ ഔട്ട്പാസുമായി മാത്രം എത്തുന്നവരുടെ സിവിൽ ഐഡി നമ്പർ വീണ്ടെടുക്കുന്നതിനായാണ് വിരലടയാളം ശേഖരിക്കുന്നത്. വിരലടയാളം ശേഖരിച്ച് കുറ്റാന്വേഷണവിഭാഗത്തിലേക്കയച്ച് ക്ലിയറൻസ് ലഭിച്ചാൽ മാത്രമാണ് ഇവർക്ക് യാത്രാനുമതി നൽകുക.
ഇത് തിരികെ വരാതിരിക്കാനുള്ള ഫിംഗർ പ്രിൻറ് എടുക്കലായാണ് പല വിദേശികളും കരുതുന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി പോവുന്നവർക്ക് പുതിയ വിസയിൽ തിരിച്ചെത്തുന്നതിന് തടസ്സമില്ല. എന്നാൽ, അതുകഴിഞ്ഞ് റെയ്ഡിൽ പിടിക്കപ്പെട്ട് നാടുകടത്തപ്പെടുേമ്പാൾ ഒരിക്കലും തിരിച്ചുവരാൻ കഴിയാത്തവിധം ഫിംഗർ പ്രിൻറ് എടുത്താണ് അയക്കുക. പൊതുമാപ്പ് കാലം കഴിഞ്ഞ അനധികൃത താമസക്കാരെയും നിയമലംഘകരെയും പിടികൂടാൻ ആഭ്യന്തര മന്ത്രാലയം വ്യാപക പരിശോധന നടത്തും. മാർച്ച് തുടക്കത്തിൽ വ്യാപകപരിശോധനക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയം തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.