പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ വ്യാപക പരിശോധന
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ച ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെ കാലാവധി കഴിഞ്ഞാൽ അനധികൃത താമസക്കാർക്കായി വ്യാപക പരിശോധനയുണ്ടാവുമെന്ന് സൂചന. ഇൗ പരിശോധനകളിൽ പിടിക്കപ്പെട്ടാൽ പിന്നീട് തിരിച്ചുവരാൻ കഴിയാത്തവിധം നാടുകടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. പിഴയടച്ച് മടങ്ങുന്നവർക്ക് പുതിയ വിസയിൽ തിരിച്ചുവരാൻ തടസ്സമൊന്നുമുണ്ടാവില്ല. രാജ്യത്തു കഴിയുന്ന ഒരുലക്ഷത്തോളം അനധികൃത താമസക്കാരെ മുഴുവനായി തുടച്ചുനീക്കുമെന്നാണ് അധികൃതർ പറയുന്നത്.
കുവൈത്ത് സിറ്റി: പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്കുപോകാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ കുവൈത്തിെൻറ വ്യത്യസ്ത മേഖലകളിൽ വെൽഫെയർ കേരള കുവൈത്ത് ഹെൽപ് ഡെസ്ക് തുറക്കുന്നു.
ജനുവരി 29 മുതൽ ഫഹാഹീൽ യൂനിറ്റി സെൻറർ: 60420262/66493416 , അബ്ബാസിയ പ്രവാസി: 66150533/97391646, ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയം: 60010194/97698705, സാൽമിയ സെൻറർ ഹാൾ: 55238583, അബൂഹലീഫ തനിമ: 98760453/97606864 എന്നിവിടങ്ങളിൽ ബന്ധപ്പെടാമെന്ന് സംഘടകർ അറിയിച്ചു.
2011ൽ പൊതുമാപ്പ് പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗവും ഇളവ് പ്രയോജനപ്പെടുത്തിയില്ല. തൊഴിൽവിപണി ക്രമീകരണ ഭാഗമായി അവിദഗ്ധ തൊഴിലാളികളെ ഒഴിവാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇതിെൻറ ഭാഗമാണ് പൊതുമാപ്പ്. കോടതിയിൽ കേസുള്ളവർക്ക് കേസ് തീർപ്പാക്കിയശേഷം താൽക്കാലിക ഇഖാമക്കായി താമസകാര്യ വകുപ്പിനെ സമീപിക്കാം. യാത്രാവിലക്ക് നേരിടുന്നവർക്ക് പൊതുമാപ്പിെൻറ ഇളവ് ലഭിക്കില്ല.
സാമ്പത്തികബാധ്യതയുടെ പേരിൽ വിലക്ക് നേരിടുന്നവർക്ക് ബാധ്യതതീർത്ത് യാത്രാവിലക്ക് ഒഴിവാക്കിയാൽ നാട്ടിലേക്ക് പോവാം. താമസരേഖകൾ ഇല്ലാത്തവർ സ്വമേധയാ മുന്നോട്ടുവന്നാൽ പിഴയടച്ച് രേഖകൾ ശരിയാക്കുന്നതിനോ രാജ്യംവിടുന്നതിനോ അനുവദിക്കുമെന്ന് നേരത്തേ താമസകാര്യ വകുപ്പ് അറിയിച്ചിരുന്നെങ്കിലും ഭയംകാരണം അധികമാരും മുന്നോട്ടുവരാൻ തയാറായിരുന്നില്ല. പൊതുമാപ്പില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരുന്ന ആഭ്യന്തര മന്ത്രാലയം ഇഖാമയില്ലാത്തവര്ക്ക് പിഴയടച്ച് രേഖകൾ ശരിയാക്കുന്നതിനും നാട്ടിലേക്ക് പോയശേഷം പുതിയ വിസയിൽ തിരിച്ചുവരുന്നതിനും തടസ്സങ്ങളില്ലെന്ന് അറിയിച്ചിരുന്നു. ഇതുതന്നെയാണ് ഇപ്പോൾ പൊതുമാപ്പിലും പറഞ്ഞിരിക്കുന്നത്. കാലപരിധിവെച്ചുവെന്നതും പാസ്പോർട്ട് കൈവശമുള്ളവർക്ക് താമസകാര്യ വകുപ്പിനെയോ മറ്റു സർക്കാർ വകുപ്പുകളെയോ സമീപിക്കാതെ നാട്ടിലേക്കുപോവാം എന്നതുമാണ് പ്രത്യേകത. പാസ്പോർട്ട് കൈവശമില്ലാത്തവർക്ക് എംബസി നൽകുന്ന ഒൗട്ട്പാസ് ഉപയോഗിച്ച് തിരിച്ചുപോവാം. സ്പോൺസർമാരിൽനിന്ന് ഒളിച്ചോടി അനധികൃത താമസക്കാരായവരിൽ ഭൂരിഭാഗത്തിെൻറയും പാസ്പോർട്ട് സ്പോൺസറുടെ കൈവശമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.