കുവൈത്തിൽ പൊതുമാപ്പ് പ്രാബല്യത്തിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രാബല്യത്തിൽ. ഇതിനെതുടർന്ന് ഇന്ത്യൻ എംബസിയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. താമസരേഖകൾ ഇല്ലാത്തവർക്ക് പിഴയോ ശിക്ഷാനടപടികളോ ഇല്ലാതെ രാജ്യംവിടാൻ ആഭ്യന്തരമന്ത്രാലയം അനുവദിച്ച സമയപരിധി ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെയാണ്. രാജ്യംവിടാൻ സന്നദ്ധരായി എത്തുന്നവർക്ക് എല്ലാവിധ സഹായങ്ങളും നൽകണമെന്ന് വിവിധ വകുപ്പുകൾക്ക് ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. അനധികൃതമായി രാജ്യത്തു കഴിയുന്ന വിദേശികൾ ഇളവുകാലം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ എത്തുന്നവർക്ക് നടപടികൾ എളുപ്പത്തിൽ പൂർത്തീകരിച്ചു നൽകണമെന്ന് ഇഖാമ വകുപ്പ് ഓഫിസുകൾക്കും അധികൃതർ നിർദേശം നൽകി.
അവധിയിലുള്ള ജീവനക്കാരോട് ജോലിക്ക് ഹാജരാകാനും നിർദേശമുണ്ട്. താമസകാര്യ വകുപ്പിെൻറ സർക്കുലർ പ്രകാരം ഇഖാമ കാലാവധി കഴിഞ്ഞതിനാൽ നിയമലംഘകരായി മാറിയവർ താമസകാര്യ മന്ത്രാലയത്തെയാണ് സമീപിക്കേണ്ടത്. ഇത്തരക്കാരുടെ വിവരങ്ങൾ ക്രിമിനൽ എവിഡൻസ് വകുപ്പുകളിലേക്കയച്ച് കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തിയശേഷം താമസകാര്യ വകുപ്പ് ഒരുമാസത്തെ താൽക്കാലിക ഇഖാമ അനുവദിക്കും.
ഇതിനുശേഷം പുതിയ സ്പോൺസറുടെ കീഴിലേക്ക് മാറുകയോ പിഴകൂടാതെ നാട്ടിലേക്ക് പോകുകയോ ചെയ്യാം. ഒളിച്ചോട്ട പരാതികളിൽ ഉൾപ്പെട്ടവരും ഇഖാമ കാലാവധി കഴിയാത്തവരും ആണെങ്കിൽ പാസ്പോർട്ട് കൈവശമുണ്ടെങ്കിൽ വിമാനത്താവളം, കര അതിർത്തികൾ എന്നിവയിലൂടെ നേരിട്ട് നാട്ടിലേക്ക് പോകാം. അതേസമയം, താൽക്കാലിക പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് എന്നിവയാണ് കൈവശമുള്ളതെങ്കിൽ താമസകാര്യ വകുപ്പിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെത്തി പാസ്പോർട്ട് നഷ്ടപ്പെട്ടതായി സത്യവാങ്മൂലം നൽകണം.
ഇതിനായി പ്രത്യേക ഫോറം പൂരിപ്പിച്ചുനൽകണം. ഇൻവെസ്റ്റിഗേഷൻവകുപ്പ് അപേക്ഷ പരിശോധിച്ചശേഷം അപേക്ഷകെൻറ ഏകീകൃതനമ്പർ അഥവാ റക്കം മുവഹദ് പുതിയ യാത്രാരേഖയിൽ രേഖപ്പെടുത്തും. ഇതിനുശേഷം വിമാനത്താവളത്തിലെയോ അതിർത്തി കവാടങ്ങളിലെയോ എമിഗ്രഷൻ ഉദ്യോഗസ്ഥർക്ക് ആളെ തിരിച്ചറിയാനും യാത്രാനടപടിക്രമങ്ങൾ എളുപ്പമാക്കാനും വേണ്ടിയാണ് ഏകീകൃത നമ്പർ രേഖപ്പെടുത്തുന്നത്.
അപേക്ഷകരുടെ വിവരങ്ങൾ മന്ത്രാലയത്തിെൻറ ഡാറ്റാബേസിൽ ലഭ്യമല്ലെങ്കിൽ പുതിയ ഫയൽ ഉണ്ടാക്കി വിവരങ്ങൾ താൽക്കാലികമായി ഡാറ്റാബേസിൽ രേഖപ്പെടുത്തണമെന്നും മന്ത്രാലയത്തിെൻറ ഡാറ്റാബേസിലെ വിവരങ്ങളും അപേക്ഷകെൻറ പുതിയ പാസ്പോർട്ട് വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ പാസ്പോർട്ടിനനുസരിച്ച് ഡാറ്റാബേസിലെ വിവരങ്ങൾ പുതുക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. താമസകാര്യവുമായി ബന്ധപ്പെട്ടതല്ലാത്ത ഏതെങ്കിലും കേസുകളിൽ ഉൾപ്പെട്ട ആളാണ് അപേക്ഷയുമായി എത്തുന്നതെങ്കിൽ അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട വകുപ്പിന് കൈമാറണമെന്നും താമസകാര്യ വകുപ്പ് മേധാവി ഒപ്പിട്ട സർക്കുലറിൽ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.