പൊതുമാപ്പ്: ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ നാളെ മുതൽ
text_fieldsകുവൈത്ത് സിറ്റി: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ വ്യാഴാഴ്ച മുതൽ നടക്കും. ഏപ്രിൽ 20 വരെയാണ് ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ. പാസ്പോർട്ട് കൈവശമുള്ളവർക്ക് പുരുഷന്മാർക്ക് ഫർവാനിയ ബ്ലോ ക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 250ലെ നഇൗം ബിൻ മസൂദ് ബോയ്സ് സ്‌കൂൾ എന്നിവിടങ്ങളിലും സ്ത്രീകൾക്ക് ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്‌കൂൾ, ജലീബ് അൽ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 200ലെ റുഫൈദ അൽ അസ്ലമിയ ഗേൾസ് സ്‌കൂൾ എന്നിവിടങ്ങളിലുമാണ് രജിസ്ട്രേഷന് സൗകര്യം ഒരുക്കിയിട്ടുള്ളത്. രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തന സമയം.
കാലാവധിയുള്ള പാസ്പോർട്ട് കൈവശമുള്ളവർ യാത്രക്ക് തയാറെടുത്ത് ലഗേജ് ഉൾപ്പെടെയാണ് വരേണ്ടത്. യാത്ര ദിവസം വരെ കുവൈത്ത് അധികൃതർ ഇവർക്ക് താമസമൊരുക്കും. പാസ്പോർട്ട്, സിവിൽ െഎഡി, എമർജൻസി സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളൊന്നും കൈവശമില്ലാത്തവർ ഫർവാനിയ ബ്ലോക്ക് ഒന്നിലെ ഗേൾസ് പ്രൈമറി സ്കൂളിൽ തിരിച്ചറിയൽ പരിശോധനക്ക് എത്തണം. ഇൗ ഘട്ടത്തിൽ ഇവരെ ഷെൽട്ടറിലേക്ക് മാറ്റുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരക്കാർ യാത്രക്കുള്ള ലഗേജ് കൊണ്ടുവരേണ്ടതില്ല.
എംബസി നിയോഗിച്ച വളണ്ടിയർമാർ മുഖേന ഒൗട്ട്പാസിന് അപേക്ഷിച്ചവർ ഇപ്പോൾ പൊതുമാപ്പ് രജിസ്ട്രേഷന് വരേണ്ടതില്ല. അവർ രേഖകൾക്കായി എംബസിയിലേക്കും വരേണ്ടതില്ല. എമർജൻസി സർട്ടിഫിക്കറ്റ് നടപടിക്രമങ്ങൾ പൂർത്തിയായാൽ അവരെ അറിയിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.