പൊതുമാപ്പ്; 34 രാഷ്ട്രീയ തടവുകാർക്ക് ആശ്വാസം
text_fieldsകുവൈത്ത് സിറ്റി: രാഷ്ട്രീയ തടവുകാർക്ക് പൊതുമാപ്പ് നൽകികൊണ്ടുള്ള അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഉത്തരവ് 34 പൗരന്മാർക്ക് ആശ്വാസമാകും. കഴിഞ്ഞ ദിവസം ഉത്തരവ് ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ യൂമിൽ പ്രസിദ്ധീകരിച്ചു. ഇതോടെ ഉത്തരവ് പ്രാബല്യത്തിൽ വരുകയും മാപ്പ് ലഭിച്ചവർക്ക് ഉടൻ ജയിലിൽനിന്ന് പുറത്തിറങ്ങാനുള്ള വഴി തുറക്കുകയും ചെയ്തു.
അമീറിനും അറബ് നേതാക്കൾക്കുമെതിരെ അപകീർത്തികരമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന 34 കുവൈത്ത് പൗരന്മാർക്കാണ് മാപ്പ് നൽകിയത്. മാപ്പുനൽകിയവരിൽ പലരും വർഷങ്ങളോളം കുവൈത്ത് ജയിലുകളിൽ തടവുശിക്ഷ അനുഭവിക്കുന്നവരാണ്. തടവിൽനിന്ന് രക്ഷപ്പെടാൻ വിവിധ രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്നവരും ഇതിലുണ്ട്. മാപ്പ് ലഭിച്ചവരിൽ പലരും തങ്ങൾക്ക് പൊതുമാപ്പ് അനുവദിച്ചതായി ട്വിറ്ററിൽ പ്രതികരിച്ചു.
മുൻ രഹസ്യസേനാ മേധാവിയും ഭരണകുടുംബത്തിലെ മുതിർന്ന അംഗവുമായ ശൈഖ് അത്ബി അൽ ഫഹദ് അസ്സബാഹും മാപ്പ് നൽകിയവരിൽ ഉൾപ്പെട്ടതായി അദ്ദേഹത്തിന്റെ ബന്ധുക്കൾ അറിയിച്ചു. വർഷങ്ങളായി ഇദ്ദേഹം പ്രവാസ ജീവിതം നയിക്കുകയാണ്. ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂൻ അമീറിന്റെ ഉത്തരവിനെ പ്രശംസിച്ചു. മറ്റു രാഷ്ട്രീയ തടവുകാർക്കു കൂടി ഉടൻ മാപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മറ്റു നിരവധി എം.പിമാരും പ്രവർത്തകരും അമീറിനെ പ്രശംസിക്കുകയും പൊതുമാപ്പ് ഉത്തരവിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇതു രണ്ടാം തവണയാണ് രാഷ്ട്രീയ തടവുകാർക്ക് മാപ്പ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.