നിഖാബ് ധരിച്ച് ഭിക്ഷാടനം; ഏഷ്യൻ പൗരൻ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: നിഖാബ് ധരിച്ച് ഭിക്ഷാടനം നടത്തിയ ഏഷ്യക്കാരനെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് റമദാനിൽ ഭിക്ഷാടനം തടയാൻ ആരംഭിച്ച പരിശോധനയെ തുടർന്നാണ് അറസ്റ്റ്. രാജ്യത്ത് ഭിക്ഷാടനം നിരോധിക്കുകയും റമദാനിൽ ഇതിനെതിരായ പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യമായും രാജ്യത്തിന്റെ പ്രതിച്ഛായയെ ഹനിക്കുന്നതുമായാണ് ഭിക്ഷാടനത്തെ രാജ്യം കണക്കാക്കുന്നത്.
ഭിക്ഷാടനം നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ എമർജൻസി നമ്പറായ 112 വഴി റിപ്പോർട്ട് ചെയ്യാൻ അധികൃതർ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഭിക്ഷാടനം നടത്തുന്ന പ്രവാസികളെ ഉടൻ നാടുകടത്തുമെന്നും അവരുടെ സ്പോൺസർ നിയമപരമായി ഉത്തരവാദിയായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം സ്പോൺസർമാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും സുരക്ഷാവൃത്തങ്ങൾ വ്യക്തമാക്കി.
ഭിക്ഷാടകർക്കെതിരായ നടപടിക്ക് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എന്നിവയുൾപ്പെടെ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകൾ സമഗ്ര പദ്ധതി വികസിപ്പിച്ചിട്ടുണ്ട്. റമദാനിലെ ആദ്യ ആഴ്ച ഭിക്ഷാടന കേസുകളുമായി ബന്ധപ്പെട്ട് 17 പ്രവാസികളെ പിടികൂടിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.