നിയമങ്ങളും നിയന്ത്രണങ്ങളും അവലോകനത്തിൽ, പ്രവാസി പങ്കാളിത്ത കമ്പനികളുടെ ലൈസൻസ് തൽക്കാലം റദ്ദാക്കില്ല
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ആർട്ടിക്ക്ൾ 18 (സ്വകാര്യ മേഖല) വിസയുള്ള പ്രവാസികളെ കമ്പനികളിൽ പങ്കാളികളാക്കുന്നതിൽനിന്ന് വിലക്കാനുള്ള തീരുമാനം നിലവിലുള്ളവരെ ബാധിക്കില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം.
എന്നാൽ പങ്കാളിത്തത്തിൽ നിലവിൽ വർധനവോ കുറവോ ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്താൻ ആർട്ടിക്ക്ൾ 18 ലായിരിക്കെ കഴിയില്ലെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. മാൻപവർ അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദേശം വാണിജ്യ വ്യവസായ മന്ത്രാലയത്തിലേക്ക് നൽകിയത്.
പലയിടങ്ങളിലും ജോലി ചെയ്യുന്ന ലേബർ കാറ്റഗറിയിലടക്കമുള്ളവർ സ്ഥാപനങ്ങളിൽ പാർട്ണർമാരാകുന്നതിലെ ചില സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമം നടന്നുവരുകയാണ്. ഇത് മറികടക്കുന്നതിനുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും രൂപപ്പെട്ടുവരണം.
അതിനുശേഷമെ ഇക്കാര്യത്തിൽ നടപടികളുണ്ടാകൂ. വിദേശ പങ്കാളിയുടെയും മാനേജരുടെയും നിയന്ത്രണങ്ങൾ ഭേദഗതി ചെയ്യുന്നതിനായി സർക്കാർ ഏജൻസികളുമായുള്ള പ്രവർത്തനവും ഏകോപനവും നടന്നുവരുകയാണ്. എന്നാൽ നിലവിലുള്ള പങ്കാളിത്തത്തിൽ വർധനവോ കുറവോ അടക്കമുള്ള മാറ്റങ്ങൾ വരുത്താൻ കഴിയില്ല. പുതിയ പാർട്ണറെ ചേർക്കാനും കഴിയില്ല.
ലൈസൻസ് പുതുക്കുന്ന സമയങ്ങളിലും ഇത് സാധ്യമാവിെല്ലന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. ആർട്ടിക്ക്ൾ 18 വിസയുള്ള പ്രവാസികളെ കമ്പനികളിൽ പങ്കാളികളാക്കുന്നതിൽനിന്ന് വിലക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു.
പുതിയ നിര്‍ദേശമനുസരിച്ച് ഇത്തരത്തിലുള്ള പ്രവാസികള്‍ സ്ഥാപനങ്ങളില്‍ പങ്കാളിയായി തുടരാന്‍ നിക്ഷേപ വിസയിലേക്ക് മാറേണ്ടിവരുമെന്നും വ്യക്തമാക്കുകയുണ്ടായി. ഇത് പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.