മനുഷ്യരൂപം പൂണ്ട മാലാഖമാർ
text_fieldsസവിശേഷമായി തോന്നിയ കോവിഡ് കാല നന്മയെ കുറിച്ച് ഗൾഫ് മാധ്യമത്തിൽ എഴുതാം. കൂടുതൽ വിവരങ്ങൾക്ക് kuwait@gulfmadhyamam.net എന്ന മെയിലിലും 97957790 എന്ന വാട്ട്സ്ആപ് നമ്പറിലും ബന്ധപ്പെടാം
പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉദാത്ത മാതൃകകളാണ് പ്രവാസി സമൂഹത്തിനിടത്തിൽ കൊറോണ സമയത്ത് നമുക്ക് കാണാൻ സാധിച്ചത്. കൊറോണ ബാധിച്ച് ഒന്നാശ്വസിപ്പിക്കാൻ പോലും ചാരത്തു കുടുംബക്കാരില്ലാതെ ഒറ്റപ്പെടലിന്റെ ആഴക്കടലിലേക്ക് താഴ്ന്നുപോയ്ക്കൊണ്ടിരുന്ന ഒട്ടനവധി പ്രവാസി സുഹൃത്തുക്കൾക്ക് ഒരു മാലാഖയെന്നോണം പറന്നെത്തി ആശ്വാസത്തിന്റെ കൈത്താങ്ങാകാൻ പ്രവാസികൾ ഒന്നടങ്കം ഇറങ്ങിത്തിരിച്ച മഹനീയ കാഴ്ചകൾ കാണുകയുണ്ടായി. നാട്ടിൽ അവധിക്ക് പോകുന്ന പ്രവാസി സഹോദരന്മാരെ സ്വന്തം വീട്ടുകാരും അയൽവാസികളും മാറ്റിനിർത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്ന അതേസമയത്താണ് പ്രവാസ ലോകത്ത് ജാതി, മത, ദേശ വ്യത്യാസമന്യേ പരസ്പരം കരുതലിന്റെ കഥകൾ തീർത്തത്. മനുഷ്യരൂപം പൂണ്ട മാലാഖമാർ എന്ന് വിശേഷിപ്പിക്കാവുന്ന ഒട്ടനവധി മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. അതിൽ ഒരു മുഖമാണ് കൊച്ചി സ്വദേശി സനോജ് സുബൈർ. സേവനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച മാന്യ സഹോദരൻ. കർഫ്യൂ സമയത്ത് വെൽഫെയർ കേരള കുവൈത്ത് സേവന പ്രവർത്തനങ്ങൾക്കായി നൽകിയ പാസുമായി 24 മണിക്കൂറും സേവന സജ്ജനായി നിലയുറപ്പിച്ച കർമപോരാളിയായിരുന്നു സനോജ്.
കൊറോണ രോഗികളെ സ്വന്തം കാറിൽ ആശുപത്രികളിലേക്കെത്തിക്കാൻ ഒരു മടിയും പേടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഏതുസമയത്തും ആളുകൾക്ക് കൊടുക്കാനുള്ള ഭക്ഷണക്കിറ്റുകൾ വഹിച്ചായിരുന്നു സനോജിന്റെ യാത്ര. കുവൈത്തിന്റെ ഏതു ഭാഗത്തുനിന്നാണെങ്കിലും ഭക്ഷണ കിറ്റുകൾ കിട്ടുന്നിടത്തുനിന്നെല്ലാം സ്വന്തം വണ്ടിയിലും മറ്റും കൊണ്ടുവന്ന് ആവശ്യക്കാരിലെത്തിക്കുക ദിനചര്യയായിരുന്നു. മരുന്നുകൾ എത്തിച്ചുനൽക്കുക, കർഫ്യൂ സമയത്ത് ആളുകളെ എയർപോർട്ടിൽ എത്തിക്കുക തുടങ്ങി എന്തു സഹായത്തിനും അദ്ദേഹം വിളിപ്പുറത്തുണ്ടായിരുന്നു. ലോക്ഡൗൺ സമയത്ത് കുറച്ചു ഭക്ഷണ കിറ്റുകളുമായി മെഹബൂലയിൽ പോയ ഞാൻ തിരിച്ച് പുറത്തുകടക്കാൻ കഴിയാതെ പ്രയാസപ്പെട്ടു. അങ്ങോട്ട് ഒരുവിധം കയറിപ്പറ്റിയ എനിക്ക് തിരിച്ച് പുറത്തുവരാൻ പറ്റുന്നില്ല. മുൾവേലി കെട്ടി പ്രവേശന കവാടങ്ങളിൽ പൊലീസ് നിലയുറപ്പിച്ചിരിക്കുകയായിരുന്നു. താമസസ്ഥലത്ത് എത്താതെ പിറ്റേന്ന് ജോലിക്ക് പോകാൻ പറ്റില്ല. പ്രതിസന്ധിയിലായ ഘട്ടത്തിൽ ഓടിവന്ന് പൊലീസുകാരുമായി സംസാരിക്കാനും പുറത്തുകടക്കാനും വേണ്ട കാര്യങ്ങൾ ചെയ്യാനും സനോജ് ഓടിവന്നു, മാലാഖയെ പോലെ. അങ്ങനെ എത്രയെത്ര സനോജുമാർ. കോവിഡ് കാലം പ്രതിസന്ധികളുടെ പേരിൽ മാത്രമല്ല, നന്മകളുടെ പേരിൽകൂടിയാണ് ചരിത്രത്തിൽ അടയാളപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.