വിമാനയാത്രക്കിടെ വീണ്ടും പ്രവാസിയുടെ മരണം
text_fieldsകുവൈത്ത് സിറ്റി: അവധിക്കുശേഷം നാട്ടിൽ നിന്ന് കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ പ്രവാസി വിമാനത്തിൽ മരിച്ചു. മലപ്പുറം കോഴിച്ചെന പെരുമണ്ണ സ്വദേശി ഹംസയാണ് (46) തിങ്കളാഴ്ച മരിച്ചത്. കുവൈത്ത് എയർവേസിൽ കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് തിരിച്ച ഹംസ വിമാനം കുവൈത്തിൽ ഇറങ്ങുന്നതിന് മുമ്പ് മരിച്ചിരിക്കാമെന്നാണ് സൂചന. മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
10 വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയായ ഹംസ ഫർവാനിയയിൽ ടൈലറിങ് ജോലികൾ നടത്തിവരുകയായിരുന്നു. മാതാവിന് അസുഖമായതിനാൽ രണ്ടുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്. അവധി കഴിഞ്ഞ് തിരിച്ചെത്തുന്നതിനിടെയാണ് മരണം. പെരുമണ്ണ മുണ്ടിയൻതറ പള്ളിപ്പടി മേനാട്ടിൽ മുഹമ്മദിന്റെ മകനാണ്. മാതാവ്: ഇയ്യത്തുമ്മു. ഭാര്യ: സലീന. മക്കൾ: മുഹമ്മദ് നാഫിഹ്, മുഹമ്മദ് നാസിഹ്, ഫാത്തിമ നഫ്ല, മുഹമ്മദ് നിഷാൻ. സഹോദരങ്ങൾ: കോയാപ്പു, ഹുസൈൻ, സൈതലവി, ആയിഷ, റുഖിയ, സുലൈഖ, മൈമൂന, സഫിയ.
ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവം
കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള യാത്രക്കിടെ അടുത്തിടെ മരണപ്പെട്ടത് മൂന്നു മലയാളികൾ. തിങ്കളാഴ്ച മരിച്ച ഹംസയെ കൂടാതെ കഴിഞ്ഞ തിങ്കളാഴ്ച എറണാകുളം പാമ്പക്കുട സ്വദേശി പി.വി. ജോണി (56) കുവൈത്ത് വിമാനത്താവളത്തിൽ മരണമടഞ്ഞിരുന്നു. ജോണിക്ക് വിമാനം ഇറങ്ങി ബയോമെട്രിക് എടുക്കുന്നതിനായുള്ള ശ്രമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ദേഹാസ്വസ്ഥ്യം ഉള്ളകാര്യം ഭാര്യയെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. ഉടൻ വൈദ്യസഹായം ലഭ്യമാക്കാൻ വിമാനത്താവളത്തിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവധിക്കു ശേഷം മടങ്ങിവരുകയായിരുന്നു ടോണിയും.
ദിവസങ്ങൾക്കു മുമ്പ് മറ്റൊരു മലയാളി പ്രവാസിയും കുവൈത്തിലേക്ക് മടങ്ങിവരുന്നതിനിടെ വിമാനത്താവളത്തിൽ മരണപ്പെട്ടിരുന്നു. ജ്യേഷ്ഠന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത് നാട്ടിൽ നിന്ന് എത്തിയതായിരുന്നു ഇദ്ദേഹം. വിമാനത്താവളത്തിൽ ലഗേജ് എടുക്കാൻ നിൽക്കുമ്പോഴാണ് നെഞ്ചുവേദന വന്നത്. ഇദ്ദേഹം പുറത്തു കാത്തുനിൽക്കാൻ ഡ്രൈവറെ വിളിച്ചു പറയുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.