ഓർമയിൽ സൂക്ഷിക്കാൻ മറ്റൊരു ഓണക്കാലംകൂടി
text_fieldsപൂക്കളം ഒരുക്കിയും, ഓണപ്പാട്ട് പാടിയും, ഓണക്കോടിയുടുത്തും, ഓണസദ്യയുണ്ടാക്കിയും മഹാബലി തമ്പുരാനെ വരവേൽക്കാൻ നമ്മൾ കാത്തിരിക്കുന്നു. അത്തം മുതൽ തിരുവോണം വരെ 10 ദിവസം നീളുന്ന കാത്തിരിപ്പ്. ജാതി ഭേദമന്യേ ഓണക്കാലം വിപുലമാക്കാൻ പ്രവാസി മലയാളികളും ഒരുങ്ങിക്കഴിഞ്ഞു. പ്രവാസികൾക്ക് ഓണം എന്നും ഗൃഹാതുരത്വം തുളുമ്പുന്ന ഒരു ഓർമയാണ്.
ബാല്യകാലത്തെ ഓണത്തെപ്പറ്റി ഓർക്കാത്ത ഒരു മലയാളിയും പ്രവാസ ലോകത്ത് കാണില്ല. ലോകത്തിന്റെ ഏതു കോണിലിരുന്നാലും മലയാളിയെ സംബന്ധിച്ചിടത്തോളം ഓണം എന്നും ഹരം തന്നെയാണ്. ഈ അവസരത്തിൽ കുട്ടിക്കാലത്തെ മധുരമായ ഓണക്കാലം ഓർത്തു പോവുന്നു.
എന്തൊരു രസമായിരുന്നു അന്നൊക്കെ. പരീക്ഷ കഴിഞ്ഞ് സ്കൂൾ പത്തു ദിവസത്തേക്ക് അവധിയായിരിക്കും. അത്തം മുതൽ തിരുവോണം വരെ മുറ്റത്ത് പൂക്കളം ഒരുക്കണം. അന്നൊക്കെ ഇഷ്ടംപോലെ പൂക്കൾ തൊടിയിലും, മുറ്റത്തും, പാടത്തും, പറമ്പിലും ഒക്കെ നിറഞ്ഞു നിന്നിരുന്നു. വിവിധ നിറത്തിലും, രൂപത്തിലും, വലിപ്പത്തിലുമുള്ള പൂക്കൾ.
വൈകുന്നേരം കൂട്ടുകാരും ഒന്നിച്ച് പൂപറിക്കാൻ ഒരു പോക്കുണ്ട്. അയൽപ്പക്കത്തെ വീടുകളിൽ ചില പൂക്കൾ ഉള്ള ചെടികൾ മതിലിനു മുകളിലൂടെ റോഡിലേക്ക് ചാഞ്ഞു കിടപ്പുണ്ടാവും. ഏന്തിയും വലിഞ്ഞും, ഒരാൾ മറ്റൊരാളെ എടുത്തു പൊക്കിയും അതിസാഹസികമായി അതൊക്കെ പറിച്ച് ഞങ്ങളുടെ പാവാടത്തുമ്പിൽ ഒളിപ്പിക്കും.
അപ്പോൾ അപ്പുറത്ത് നിന്നും വീട്ടുകാരുടെ അലർച്ച കേൾക്കാം ‘ഈ നശിച്ച കുട്ട്യോളെക്കൊണ്ട് തോറ്റു
അതേയ്, ഞങ്ങൾക്കും നാളെ പൂക്കളം ഇടണം’.
കേട്ടപാതി കേൾക്കാത്ത പാതി അവർ പുറത്തേക്ക് എത്തുന്നതിനു മുന്നേ ജീവനും കൊണ്ട് ഒരു ഓട്ടമാണ്. ആളെ തിരിച്ചറിഞ്ഞാൽ വാർത്ത വീട്ടിലെത്തും. പിന്നത്തെ പുകില് പറയേണ്ടല്ലോ. രാവിലെ തന്നെ അമ്മ മുറ്റത്ത് വട്ടത്തിൽ ചാണകം മെഴുകി റെഡിയാക്കി വെച്ചിട്ടുണ്ടാവും. ദിവസവും വ്യത്യസ്ത രൂപത്തിലുള്ള ഭംഗിയുള്ള പൂക്കളം ഒരുക്കും.
അന്നത്തെ കാലത്തൊക്കെ ഓണം വരാൻ കാത്തിരിക്കണം ഒരു പുത്തൻ ഉടുപ്പ് കിട്ടാൻ. കടയിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന് അമ്മ അത് ഭദ്രമായി അലമാരയിൽ സൂക്ഷിക്കും. തിരുവോണ ദിവസം ഇടാനുള്ളതാണ്. അത്ര ദിവസം ക്ഷമിക്കാനുള്ള കരുത്തുകാണില്ല. അമ്മ കാണാതെ ഇടയ്ക്കിടക്ക് അലമാര തുറന്ന് അത് എടുത്തു നോക്കും.
തിരുവോണ ദിവസം ആകുമ്പോഴേക്കും മുറ്റത്ത് ഒരു ഊഞ്ഞാൽ ഞങ്ങൾ കുട്ടിപ്പട്ടാളം എങ്ങനെയെങ്കിലും ഒപ്പിച്ചെടുക്കും. പിന്നെ വിവിധതരം കളികളാണ്. ഉച്ചക്ക് ചോറുണ്ണാനാകുമ്പോഴേക്കും പുത്തനുടുപ്പിന്റെ അവസ്ഥ ഏതാണ്ട് പരിതാപകരമായിരിക്കും.
കൂട്ടുകാരും, അയൽപ്പക്കത്തുള്ളവരും കുടുംബങ്ങളും ഒരുമിച്ചു സദ്യ കഴിക്കുന്നത് ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
പ്രവാസ ജീവിതത്തിലും തിരുവോണ ദിവസം ആഘോഷമാക്കാൻ ശ്രമിക്കും. കേരളീയ വസ്ത്രമിട്ടും പൂക്കളം ഒരുക്കിയും, വിവിധ കളികൾ സംഘടിപ്പിച്ചും ഓണ സദ്യ കഴിച്ചും അങ്ങനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.