ആശങ്ക കുറഞ്ഞു; ആളുകൾ അവധിയെടുത്തുതുടങ്ങി
text_fieldsകുവൈത്ത് സിറ്റി: വിമാനത്താവളം അടച്ചിടുമെന്ന ആശങ്കക്ക് അയവു വന്നതോടെ പ്രവാസികൾ അവധിയെടുത്ത് നാട്ടിൽ പോയി തുടങ്ങി. കഴിഞ്ഞ ആഴ്ചകളിൽ വിജനമായിരുന്ന വിമാനത്താവളത്തിൽ ആളനക്കം വർധിച്ചു. വിമാനത്താവളം അടച്ചിടാൻ ഉദ്ദേശ്യമില്ലെന്ന് ഉപപ്രധാനമന്ത്രിയും കൊറോണ എമർജൻസി കമ്മിറ്റി ചെയർമാനുമായ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് അസന്നിഗ്ധമായി വ്യക്തമാക്കിയതാണ് പ്രവാസികളുടെ ആത്മവിശ്വാസം വർധിപ്പിച്ചത്.
ദീർഘനാളായി നാട്ടിൽ പോകാത്തവർ പോലും കോവിഡ് കേസുകൾ വർധിച്ചതോടെ വിമാനത്താവളം അടച്ചിടുമെന്ന ആശങ്ക കാരണം യാത്ര മാറ്റിവെച്ചിരുന്നു. ഇതാണ് കഴിഞ്ഞ ആഴ്ചകളിൽ വിമാനത്താവളത്തിൽ തിരക്ക് വളരെ കുറയാനിടയാക്കിയത്.സ്വദേശികളോട് അത്യാവശ്യമല്ലാത്ത വിദേശയാത്ര മാറ്റിവെക്കാനും അധികൃതർ നിർദേശിച്ചിരുന്നു. തിരിച്ചെത്തിയാൽ മൂന്ന് ദിവസം നിർബന്ധിത ക്വാറൻറീൻ വേണമെന്ന നിബന്ധന ഒഴിവാക്കിയതും കൂടുതൽ പേരെ യാത്രക്ക് പ്രേരിപ്പിച്ചു. മൂന്നുദിവസത്തെ നിർബന്ധിത ക്വാറൻറീൻ കുറഞ്ഞ ദിവസത്തേക്ക് പോകാൻ ഉദ്ദേശിച്ചിരുന്നവരെ പിറകോട്ടടിപ്പിച്ചിരുന്നു.യൂറോപ്യൻ രാജ്യങ്ങൾ യാത്രാനിയന്ത്രണങ്ങൾ അവസാനിപ്പിച്ചത് കൂടുതൽ കുവൈത്തി യാത്രക്കാരെയാണ് എത്തിച്ചത്. അടുത്ത ദിസങ്ങളിൽ വീണ്ടും തിരക്ക് വർധിക്കുമെന്നാണ് ട്രാവൽ മേഖലയിലുള്ളവർ പ്രതീക്ഷ പ്രകടിപ്പിച്ചത്.കുവൈത്തിലേക്ക് വരുന്നവർ രണ്ടാം വാക്സിൻ എടുത്ത് ഒമ്പത് മാസം കഴിഞ്ഞവരാണെങ്കിൽ ബൂസ്റ്റർ നിർബന്ധമാണെന്ന വ്യവസ്ഥ പിൻവലിക്കാൻ കൊറോണ എമർജൻസി കമ്മിറ്റി മന്ത്രിസഭക്ക് ശിപാർശ നൽകിയിട്ടുണ്ട്.പല വിദേശ രാജ്യങ്ങളിലും ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം സജീവമായിട്ടില്ല എന്ന കാരണമാണ് കൊറോണ എമർജൻസി കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.