പ്രവാസി ജീവിതം പറഞ്ഞ് ‘അബല’ഇന്ന് അരങ്ങിൽ
text_fieldsകുവൈത്ത് സിറ്റി: കോവിഡാനന്തര പ്രവാസലോകത്തെ തൊഴിൽ മേഖലയെ അഭിസംബോധന ചെയ്ത് മലയാളി കൂട്ടായ്മയുടെ നാടകം. ‘അബല’എന്ന പേരിലുള്ള നാടകം വീട്ടുജോലിക്കായി വരുന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും അതിജീവനവും വരച്ചുകാട്ടുന്നു. കുവൈത്ത് സിറ്റിയിലെ മാലിയ കേന്ദ്രീകരിച്ച് നടക്കുന്ന നാടകത്തില്‍ ഹൗസ് ഡ്രൈവര്‍മാരുടെ ജീവിതവും കടന്നുവരുന്നു.
എ.ആർ. അജയഘോഷ് രചനയും രംഗപടവും നിർവഹിക്കുന്ന ‘അബല’ജിതേഷ് രാജനാണ് സംവിധാനം നിർവഹിച്ചത്. അണിയറ ആർട്സ് ഇടപ്പള്ളി കുവൈത്ത് ഘടകമാണ് നാടകം അണിയിച്ചൊരുക്കുന്നത്. 20 വർഷമായി കലാവിഷ്കാരങ്ങളുമായി കുവൈത്തിൽ പ്രവർത്തിക്കുന്ന സമിതിയുടെ അഞ്ചാമത് നാടകമാണ് ‘അബല’. രണ്ടു മണിക്കൂറോളം നീളുന്ന നാടകത്തിൽ കുവൈത്ത് പ്രവാസികളായ 22 പേർ വേഷമിടുന്നു.
വന്ദന നായികയും ജിയോ കിഴക്കേവീടന്‍ നായകനുമാകുന്ന ‘അബല’യിൽ ജോസ് മുട്ടം, വിനോദ്, രമ അജിത് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. നാടകത്തിലെ രണ്ടു പാട്ടുകളും എ.ആർ. അജയഘോഷിന്റേതാണ്. സെബാസ്റ്റ്യൻ മാസ്റ്റർ സംഗീതം നൽകിയ ഗാനങ്ങൾക്ക് പിന്നണി ഗായിക സിന്ധു ദേവി രമേഷ്, ബിജു തിക്കോടി, ബിനി എന്നിവർ ശബ്ദം നൽകുന്നു.
സ്റ്റേജിലും അണിയറയിലുമായി 45 പേരുടെ പ്രയത്നം നാടകത്തിന് പിന്നിലുണ്ടെന്നു സംവിധായകൻ ജിതേഷ് രാജൻ പറഞ്ഞു. നാട്ടിൽ നാടകകലാരംഗത്ത് പ്രവർത്തിച്ചിരുന്നവരുടെ കഴിവുകൾ വറ്റിപ്പോകാതെ പ്രവാസജീവിതത്തിനിടയിലും ജ്വലിപ്പിച്ചുനിർത്തുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് അബ്ബാസിയ ഭവൻസ് ഭാരതീയ വിദ്യാഭവനിലെ വേദിയിൽ നാടകം അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.